പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ലോകകപ്പില്‍ നിന്നും വിലക്കണമെന്ന ബിസിസിഐ നിലപാടിനെതിരെ പാകിസ്ഥാൻ മുൻ നായകൻ ജാവേദ് മിയാൻദാദ്. പാകിസ്ഥാനുമായി ഒരു ബന്ധവും വേണ്ട എന്ന പറഞ്ഞ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയും മിയാൻദാദ് വിമർശിച്ചു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ നിലപാട് വിഡ്ഢിത്തവും ബാലിശവുമാണെന്നാണ് മിയാൻദാദ് വിമർശിച്ചത്. ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി അംഗീകരിക്കാന്‍ പോകുന്നില്ലെന്നും മിയാന്‍ദാദ് പറഞ്ഞു. ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക‌് കൂടുതല്‍ സുരക്ഷ വേണമെന്നും ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായി സഹകരിക്കരുതെന്നും ചൂണ്ടിക്കാട്ടി ഐസിസിക്ക‌് കത്തയക്കാന്‍ ബിസിസിഐ സമിതി യോഗം ഇന്നലെ തീരുമാനിച്ചിരുന്നു. യോഗ്യത നേടുന്ന ടീമുകള്‍ക്കെല്ലാം ലോകകപ്പില്‍ പങ്കെടുക്കാമെന്നതാണ് ഐസിസി നിയമം. അതുകൊണ്ട് പാകിസ്ഥാനെ വിലക്കാനാകില്ലെന്നും മിയാൻദാദ് വ്യക്തമാക്കി.
ഇന്ത്യൻ മുൻ നായകന്‍ ഗാംഗുലിയുടെ വാക്കുകളെയും മിയാൻദാദ് രൂക്ഷമായി വിമർശിച്ചു.ഗാംഗുലിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരിക്കും, അല്ലെങ്കില്‍ മുഖ്യമന്ത്രിയാകണമായിരിക്കും എന്നായിരുന്നുപാക് മുൻ താരത്തിന്‍റെ പ്രതികരണം.ലോകകപ്പില്‍ ഒരു മത്സരം കളിച്ചില്ല എന്ന് കരുതി ഒന്നും സംഭവിക്കുന്നില്ലെന്നും മറിച്ച് അത് തീവ്രവാദത്തിനെതിരെ വലിയ സന്ദേശം നല്‍കുമെന്നുമാണ് ഗാംഗുലി പറഞ്ഞത്. ഇന്ത്യ പങ്കെടുക്കാത്ത ഒരു ലോകകപ്പിനെ കുറിച്ച് ഐസിസിക്ക് ചിന്തിക്കാനാകില്ലെന്നുംഗാംഗുലിപറഞ്ഞു.