ജോഹന്നാസ്ബർഗ്: കൊവിഡ് 19 ലോക്ക് ഡൗണ്‍ കായിക താരങ്ങളുടെ കരിയറില്‍ ഗുണം ചെയ്യുമെന്ന് മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ലോക്ക് ഡൗണ്‍ കാരണം ലഭിച്ച നിർബന്ധിത അവധി കായിക താരങ്ങളുടെ കരിയർ ദീർഘിപ്പിക്കുമെന്നാണ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെടുന്നത്.
ചില താരങ്ങൾ ലോക്ക് ഡൗണ്‍ കാലയളവില്‍ ഫിറ്റിനസിലെ പോരായ്‌മകൾ പരിഹരിക്കുമെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു. മറ്റു ചിലർ തങ്ങളുടെ കുറവുകൾ പരിഹരിക്കാനായി ഉപയോഗിക്കും. വേറെ ചിലർ പ്രൊഫഷന്‍ കാരണമുള്ള മാനസിക സമ്മർദ്ദത്തില്‍ നിന്നും വിട്ടുനിന്ന് കായിക മേഖലയെ വീണ്ടും ആസ്വദിച്ച് തുടങ്ങും. പിന്നീട് അതിനായി ജീവിതം തന്നെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ രവിശാസ്‌ത്രി ഉൾപ്പെടെയുള്ളവർ സമാന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വിശ്രമ വേളയെ സ്വാഗതം ചെയ്യൂ. കൂടുതല്‍ ഉർജ്വസ്വലരാകൂ എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഇന്ത്യയില്‍ മാർച്ച് 25-നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് നിലവില്‍ മെയ് 31 വരെ നീളും.