ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ഫൈനല്‍ മത്സരത്തിനുള്ള ഓൺലൈൻ ടിക്കറ്റുകൾ വില്‍പ്പന തുടങ്ങി രണ്ട് മിനിറ്റുകൾക്കുള്ളില്‍ വിറ്റുതീർന്നു. രണ്ട് മിനിറ്റില്‍ ടിക്കറ്റുകളെല്ലാം വിറ്റുപോയതിന്‍റെ അത്ഭുതം ആരാധകർ പങ്കു വെക്കുമ്പോഴും, ടിക്കറ്റ് വില്‍പ്പനയിലെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മെയ് 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്നലെ രാവിലെയാണ് ടിക്കറ്റ് വില്‍പ്പന ബിസിസിഐ വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ചത് എങ്കിലും ടിക്കറ്റിനായി ആരാധകർ സൈറ്റിലേക്ക് എത്തിയപ്പോഴേക്കും വിറ്റുപോയി എന്ന മറുപടിയാണ് ലഭിച്ചത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 39,000 സീറ്റുകളുണ്ടെങ്കിലും എത്ര സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് വില്‍പ്പനക്കുണ്ടായിരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണ 25,000 മുതല്‍ 30,000 ടിക്കറ്റ് വരെയാണ് വിറ്റുപോവുക.
1000, 1500, 2000, 2500, 5000, 10000, 12500, 15000, 22500 എന്നീ നിരക്കുകളിലെ ടിക്കറ്റുകളാണ് വിറ്റുപോവേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോൾ വിറ്റിരിക്കുന്നത് 1500, 2000, 2500, 5000 നിരക്കുകളിലുള്ള ടിക്കറ്റുകൾ മാത്രമാണ്. ബാക്കി ടിക്കറ്റുകൾ എവിടെ പോയി എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ബിസിസിഐ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.