മുബൈ: ഐപിഎല്‍ വിജയികളുടെ സമ്മാനത്തുക ബിസിസിഐ പകുതിയായി വെട്ടിക്കുറച്ചു. കിരീട ജേതാക്കൾക്ക് ഈ സീസണില്‍ 10 കോടി രൂപയാണ് നല്‍കുക. കഴിഞ്ഞ വർഷം ഇത് 20 കോടി രൂപയായിരുന്നു. റണ്ണേഴ്‌സ് അപ്പിന് 6.25 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. കഴിഞ്ഞ വർഷം 12.5 കോടി രൂപയാണ് റണ്ണേഴ്‌സ് അപ്പിന് നല്‍കിയിരുന്നത്. വാര്‍ത്താ ഏജന്‍സിയോടാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നും നാലും സ്ഥാനത്ത് എത്തുന്നവർക്ക് ഈ സീസണില്‍ 4.375 കോടി രൂപ വീതമേ ലഭിക്കൂ.
ഐപിഎല്‍ ഫ്രാഞ്ചൈസികൾ മികച്ച സാമ്പത്തിക സ്ഥിതി കൈവരിച്ച പശ്ചാത്തലത്തിലാണ് സമ്മാനത്തുക വെട്ടിക്കുറച്ചതെന്ന് ബിസിസിഐ അധികൃതർ കൂട്ടിച്ചേർത്തു. ഫ്രാഞ്ചൈസികൾക്ക് സ്‌പോർണസർഷിപ്പില്‍ നിന്ന് ഉൾപ്പെടെയുള്ള മേഖലകളില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് ഒരു കോടി രൂപ വരുമാനം ലഭിക്കും. ഈ തുകയില്‍ പകുതി ബിസിസിഐയും പകുതി അതത് ഐപിഎല്‍ ഫ്രാഞ്ചൈസിയും നല്‍കും. കഴിഞ്ഞ തവണ 30 ലക്ഷം രൂപ വീതമാണ് ഫ്രാഞ്ചൈസികൾ മത്സരങ്ങൾക്കായി നല്‍കിയിരുന്നത്. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്ന ഏത് താരത്തെയും മറ്റൊരു ഫ്രാഞ്ചൈസിക്ക് കൈമാറാം. നേരത്തെ ദേശീയ ടീമില്‍ കളിക്കാത്ത ഇന്ത്യന്‍ താരത്തെ മാത്രമാണ് ഫ്രാഞ്ചൈസികൾക്ക് കൈമാറാന്‍ സാധിച്ചിരുന്നത്. ബിസിസിഐ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് ഫ്രാഞ്ചൈസി അധികൃതർ സ്വീകരിച്ചിരിക്കുന്നത്.