മുംബൈ: ഐപിഎല്‍ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യത്തില്‍ മഹാരാഷ്‌ട്രയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയിലാണ് സൗരവ് ഗാംഗുലിയുടെ വിശദീകരണം. നിശ്ചയിച്ചിരിക്കുന്ന തീയതികളില്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാങ്കെഡെ സ്റ്റേഡിയത്തിലാണ് ഏപ്രില്‍ 10 മുതല്‍ 25 വരെ ഈ സീസണിലെ 10 ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 10 ന് ഡല്‍ഹി ക്യാപിറ്റല്‍സും, ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് ആദ്യ മത്സരം. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കളിക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതും ബിസിസിഐയുടെ പരിഗണയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു.
വെള്ളിയാഴ്‌ച രാത്രി 8 മുതല്‍ തിങ്കളാഴ്‌ച രാവിലെ 7 മണി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാല കര്‍ഫ്യൂ എട്ട് മണി മുതല്‍ രാവിലെ 7 മണിവരെയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തര സര്‍വീസുകള്‍ക്കും, ബസുകള്‍, തീവണ്ടികള്‍, ടാക്‌സികള്‍ എന്നിവയ്‌ക്കും നിയന്ത്രണം ബാധകമില്ല. ഇന്ന് നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് കൂട്ടം കൂടി നില്‍ക്കാന്‍ അനുമതിയില്ല. മാളുകള്‍, റെസ്റ്റോറന്‍റുകള്‍, ബാറുകള്‍ എന്നിവ അടച്ചിടും. 50 ശതമാനം ഹാജര്‍ നിലയോടെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. നിര്‍മാണ പ്രവൃത്തികള്‍ക്കും നിയന്ത്രണമില്ല.