പൊന്നുവിളയുന്ന മൈതാനമാണ് ഐപിഎല്‍. ഓരോ സീസണിലും മറിയുന്നത് കോടികൾ. യുവതാരങ്ങളുടെ സ്വപ്‌ന ഭൂമിയായ ഐപിഎല്‍ ദേശീയ ടീമിലേക്കുള്ള വാതില്‍ കൂടിയാണ്. ഈമാസം 19ന് യുഎഇയില്‍ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമാകുമ്പോൾ ഒരുപിടി യുവതാരങ്ങളാണ് പ്രതീക്ഷയുടെ തീരത്ത് ബാറ്റ് പിടിക്കുന്നത്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പില്‍ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞവർ മുതല്‍ മുൻ വർഷങ്ങളിലെ ഐപിഎല്‍ താരങ്ങൾ വരെ ആ കൂട്ടത്തിലുണ്ട്.
ദേവ്‌ദത്ത് പടിക്കല്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായ ദേവ്‌ദത്ത് ഭാവി ഇന്ത്യൻ വാഗ്‌ദാനമായാണ് വിലയിരുത്തുന്നത്. വിജയ്‌ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്‌താഖ് ടൂർണമെന്‍റിലും ടോപ് സ്കോററായിരുന്ന ദേവ്‌ദത്ത് ആരോൺ ഫിഞ്ചിനൊപ്പം ബാംഗ്ലൂരിന്‍റെ ഓപ്പണറാകുമെന്നാണ് കരുതുന്നത്. ജോഷ് ഫിലിപ്പെ, പാർഥിവ് പട്ടേല്‍ എന്നിവരാണ് ബാംഗ്ലൂരില്‍ പടിക്കലിനൊപ്പം ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുന്നത്. അതേവേഗം സ്കോർ ചെയ്യുന്നതിനും ദീർഘനേരം ക്രീസില്‍ ചെലവഴിക്കാനും കഴിയുമെന്നതാണ് ഇടംകൈയൻ ബാറ്റ്‌സ്‌മാനായ ഇരുപതുകാരൻ ദേവ്‌ദത്ത് പടിക്കലിന്‍റെ പ്രത്യേകത.
റിതുരാജ് ഗെയ്‌ക്‌വാദ്
ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ. ഇന്ത്യ എ ടീമിന് വേണ്ടി കഴിഞ്ഞ രണ്ട് വർഷത്തിനിടെ മികച്ച സ്ട്രൈക്ക്റേറ്റില്‍ ഏറ്റവുമധികം റൺസ് നേടിയ താരം. ഓപ്പണറായും വൺഡൗണായും ബാറ്റ് ചെയ്യാൻ കഴിയുന്ന താരം സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ ചെന്നൈയ്ക്ക് മുതല്‍ക്കൂട്ടാകും. മഹാരാഷ്ട്രയില്‍ നിന്നുള്ള ഇരുപത്തിമൂന്ന് കാരനായ ഗെയ്‌ക്‌വാദ് വലംകയ്യൻ ഓഫ്‌സ്‌പിന്നർ കൂടിയാണ്.
അബ്‌ദുൾ സമദ്
ജമ്മുകശ്‌മീരില്‍ നിന്നുള്ള പതിനെട്ടുകാരനെ വിവിഎസ് ലക്ഷ്‌മൺ സൺറൈസേഴ്‌സ് ടീമിലേക്ക് തിരഞ്ഞെടുത്തതില്‍ അത്‌ഭുതമില്ല. വലംകയ്യൻ ബാറ്റ്‌സ്‌മാനായ സമദ് മാരക പ്രഹരശേഷിയുള്ള ബാറ്റ്‌സ്‌മാനായാണ് വിലയിരുത്തുന്നത്. മധ്യനിരയില്‍ മികച്ച ഫിനിഷറുടെ റോൾ കൈകാര്യം ചെയ്യാനാണ് സൺറൈസേഴ്‌സ് സമദിനെ ഉപയോഗിക്കുക.
യശസ്വി ജയ്‌സ്‌വാൾ
കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് മുതല്‍ ലോക ശ്രദ്ധയിലേക്ക് ഉയർന്ന താരം. പതിനെട്ടുകാരനായ യശസ്വി ലിസ്റ്റ് എ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടി ഞെട്ടിച്ചിരുന്നു. രാജസ്ഥാൻ റോയല്‍സിന്‍റെ ബാറ്റിങ് നിരയില്‍ ആരാകും യശസ്വിയുടെ ഓപ്പണിങ് പാർട്‌ണർ എന്ന് മാത്രമാണ് സംശയം.
സർഫറാസ് ഖാൻ
ഈ പേര് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിട്ട് വർഷങ്ങളായി. പതിനഞ്ചാം വയസില്‍ ഐപിഎല്ലില്‍ എത്തിയ സർഫറാസ് മിന്നിയും തിളങ്ങിയും മങ്ങിയും വർഷങ്ങൾ പിന്നിട്ടു. ആദ്യം ബാംഗ്ലൂരിന്‍റെ താരമായിരുന്ന സർഫറാസ് കഴിഞ്ഞ ഐപില്‍ മുതല്‍ കിംഗ്‌സ് ഇലവൻ പഞ്ചാബിന്‍റെ താരമാണ്. ഇരുപത്തിരണ്ട് കാരനായ സർഫറാസ് അവസാന ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നടത്തിയ അത്‌ഭുത പ്രകടനം ആവർത്തിച്ചാല്‍ പഞ്ചാബിന്‍റെ മധ്യനിരയ്ക്ക് കരുത്താകും.
റിയാൻ പരാഗ്
അസമില്‍ നിന്നുള്ള പതിനെട്ടുകാരൻ. രാജസ്ഥാൻ റോയല്‍സ് ഭാവിയിലേക്ക് കരുതിവെച്ച വലംകയ്യൻ ബാറ്റ്‌സ്‌മാൻ. കഴിഞ്ഞ ഐപിഎല്ലില്‍ വേഗം കുറഞ്ഞ അർധസെഞ്ച്വറിയുമായാണ് റിയാൻ പരാഗ് വരവറിയിച്ചത്. രാജസ്ഥാന്‍റെ മധ്യനിരയില്‍ ഇത്തവണയും പരാഗ് തിളങ്ങുമെന്നുറപ്പാണ്.