ഹൈദരാബാദ്: ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റ സൗരവ് ഗാഗുലിക്ക് ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. സൗരവ് ഗാംഗുലി പ്രസിഡന്‍റായി ചുമതലയേറ്റതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും സമയമാകുമ്പോൾ താന്‍ ഗാംഗുലിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും കോലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സമ്പൂർണ വിജയം നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാവി സംബന്ധിച്ച് ഗാംഗുലി ഒന്നും പറഞ്ഞില്ലെന്നും കോലി കൂട്ടിചേർത്തു. ധോണിയുമായി ബന്ധപെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു കോലിയുടെ പ്രതികരണം.
നാളെ ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കോലിയുടെ പ്രതികരണം. ട്വന്‍റി-20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോലിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഗാംഗുലിയും പറഞ്ഞിരുന്നു. അടുത്ത മാസം മൂന്നാം തിയതിയാണ് ഇന്ത്യാ-ബംഗ്ലാദേശ് ട്വന്‍റ്-20 പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ ഈ ടീമില്‍ ധോണി ഉൾപ്പെടുമോയെന്ന കാര്യത്തില്‍ ഇതുവരെ എവിടെ നിന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ല. 2019 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ പുറത്തായതിനെ തുടർന്ന് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും മുന്‍ നായകന്‍ എംഎസ് ധോണി അനിശ്ചിത കാലത്തേക്ക് വിട്ട് നില്‍ക്കുകയാണ്.