ലണ്ടന്‍: പേസർ ഇശാന്ത് ശർമ്മക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ അവസരം ഒരുങ്ങുന്നു. പരിക്കിന്‍റെ പിടിയിലായ താരത്തിന്‍റെ ഫിറ്റ്നസ് പരിശോധന ഈ മാസം 15ന് ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കും. ഫിറ്റ്നസ് പരിശോധനയില്‍ വിജയിച്ചാല്‍ ഇശാന്തിന് ന്യൂസിലന്‍ഡ് ടെസ്‌റ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകാന്‍ അവസരം ലഭിച്ചേക്കും. കിവീസിന് എതിരായ ടീം ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് മത്സരം ഫെബ്രുവരി 21-ന് വെല്ലിങ്ടണ്ണില്‍ ആരംഭിക്കും.
ഇശാന്ത് തിരിച്ചെത്തിയാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ടീം ഇന്ത്യക്ക് നേട്ടമാകും. ലോക ടെസ്‌റ്റ് റാങ്കിങ്ങില്‍ കുറച്ചുകാലമായി ഒന്നാമത് നില്‍ക്കുന്ന ഇന്ത്യന്‍ ടെസ്‌റ്റ് ടീമിന്‍റെ പ്രമുഖ ബൗളർമാരില്‍ ഒരാളാണ് ഇശാന്ത് ശർമ്മ. നേരത്തെ കിവീസിന് എതിരെ നടന്ന ഏകദിന പരമ്പര 3-0 ത്തിന് ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബൗളിങ് നിരയുടെ മോശം പ്രകടനം ടീം ഇന്ത്യയുടെ പരാജയത്തിന് ആക്കം കൂട്ടിയിരുന്നു. പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ രണ്ട് ടെസ്റ്റുകൾ കളിക്കും.
നേരത്തെ കഴിഞ്ഞ ജനുവരി 21-ന് നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ വിദർഭക്ക് എതിരെയായിരുന്നു മത്സരം. ഡല്‍ഹിക്ക് വേണ്ടി കളിച്ച താരത്തിന്‍റെ കണങ്കാലിനാണ് പരിക്കേറ്റത്. എംആർഐ സ്‌കാനില്‍ താരത്തിന് ഗ്രേഡ് മൂന്ന് പരിക്കാണെന്ന് കണ്ടെത്തിയിരുന്നു.