ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ തിരിച്ചുവിളിച്ചു. മാർച്ച് 12-ന് ധർമ്മശാലയില്‍ ആരംഭിക്കുന്ന പരമ്പരക്കായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഫിനൊപ്പം വാന്‍ ഡെര്‍ ഡസ്സനും ടീമില്‍ ഇടം കണ്ടെത്തി. സ്‌പിന്നര്‍ ജോര്‍ജ് ലിന്‍ഡെയാണ് ടീമിലെ പുതുമുഖം.

നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഫാഫ് ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീമില്‍ കളിച്ചിട്ടില്ല. അടുത്തിടെയാണ് താരം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയത്. പിന്നീട് ക്വിന്‍റണ്‍ ഡി കോക്കിനെ ക്യാപ്റ്റനാക്കി നിശ്ചയിക്കുകയായിരുന്നു. ഇന്ത്യ സന്ദർശനത്തിന്‍റെ ഭാഗമായി മൂന്ന് ഏകദിനങ്ങളാണ് പോർട്ടീസ് കളിക്കുക. 2023-ലെ ലോകകപ്പിന് മുന്നോടിയായി പുതിയ തലമുറയെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ കഠിനമായ സാഹചര്യങ്ങളില്‍ താരങ്ങൾ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.