ന്യൂഡല്‍ഹി : ഇന്ത്യാ ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പയില്‍ വീണ്ടും പ്രകൃതി കളിക്കുന്നു. ഡല്‍ഹിയില്‍ നടന്ന ആദ്യ മല്‍സരത്തിന് വെല്ലുവിളിയായിരുന്നത് അന്തരീക്ഷ മലിനീകരണമായിരുന്നെങ്കില്‍ രണ്ടാം മല്‍സരത്തില്‍ അത് ചുഴലിക്കാറ്റാണ്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ വ്യാഴാഴ്‌ച നടക്കാനിരിക്കുന്ന മല്‍സരത്തിനാണ് 'മഹ' ചുഴലിക്കാറ്റിന്‍റെ ഭീഷണി.
നിലവില്‍ അറബിക്കടലിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള കാറ്റ് വരും ദിവസങ്ങളില്‍ ഗുജറാത്ത് തീരത്തേക്ക് അടുക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ ദിയു - പോര്‍ബന്ദര്‍ തീരങ്ങളിലെത്തുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 8090 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. മല്‍സരം നടക്കുന്ന നവംബര്‍ ഏഴിന് അത് കൂടുതല്‍ ശക്‌തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ട്വന്‍റി ട്വന്‍റി ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടത്. മൂന്ന് മല്‍സരങ്ങളുള്ള പരമ്പരയില്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വിജയം നേടി പരമ്പര സ്വന്തമാക്കാനുള്ള മോഹത്തിന് 'മഹ' തടസമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീമും, ആരാധകരും.