ഹാമില്‍ട്ടൺ; ടി-20 ക്രിക്കറ്റ് എപ്പോഴും അനിശ്ചിത്വം നിറഞ്ഞതാണ്. ആവേശവും നാടകീയതയും കൂടിക്കുഴഞ്ഞ ഹാമില്‍ട്ടണില്‍ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോൾ അവസാന പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് നാല് റൺസ്. വീരനായകനായി രോഹിത് ശർമ അവതരിച്ചപ്പോൾ ഇന്ത്യയ്ക്ക് ന്യൂസിലൻഡിലെ ആദ്യ ടി-20 പരമ്പര വിജയം. രോഹിതാണ് കളിയിലെ കേമൻ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ നേരത്തെ ജയിച്ചിരുന്നു.
നായകൻ കെയ്ൻ വില്യംസണിന്‍റെ തകർപ്പൻ ബാറ്റിങാണ് കിവീസിന് കരുത്തായത്. ഇന്ത്യൻ ബൗളർമാരില്‍ ജസ്പ്രീത് ബുംറയും ശിവം ദുബെയുമൊഴികെ എല്ലാവരും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ബുംറ നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 45 റൺസാണ് കിവീസിന് നല്‍കിയത്. ജഡേജയും ഷമിയും ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരെ പിടിച്ചു കെട്ടിയപ്പോൾ ആറ് സിക്സും എട്ട് ഫോറും അടക്കം 48 പന്തില്‍ 95 റൺസാണ് വില്യംസൺ നേടിയത്. ന്യൂസിലൻഡിന് ജയിക്കാൻ അവസാന ഓവറില്‍ ഒൻപത് റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ആദ്യ പന്തില്‍ ആറ് റൺസ് നല്‍കിയെങ്കിലും മൂന്നാം പന്തില്‍ വില്യംസണിന്‍റെ വിക്കറ്റ് വീഴ്ത്തിയത് കളിയില്‍ നിർണായകമായി. പിന്നീട് വന്ന സെയ്‌ഫർട്ട് കളിക്കാൻ ബുദ്ധിമുട്ടിയപ്പോൾ അവസാന പന്തില്‍ ഒരു റൺസാണ് കിവീസിന് വേണ്ടിയിരുന്നത്. ആ പന്തില്‍ റോസ് ടെയ്‌ലറെ ക്ലീൻ ബൗൾഡാക്കി ഷമി മത്സരം സമനിലയാക്കി.
തുടർന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് കെയ്ൻ വില്യംസണിന്‍റെ മികവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 18 റൺസ് വിജയലക്ഷ്യം ഉയർത്തി. സൂപ്പർ ഓവറിലെ അവസാന രണ്ട് പന്തുകൾ സിക്സാക്കി മാറ്റിയ ഉപനായകൻ രോഹിത് ശർമ മത്സരവും പരമ്പരയും ഇന്ത്യയ്ക്ക് സമ്മാനിച്ചു. നേരത്തെ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രോഹിത് ശർമയും ലോകേഷ് രാഹുലും ചേർന്ന് ഇന്ത്യയ്ക്ക് നല്‍കിയത് തകർപ്പൻ തുടക്കമാണ്. രാഹുല്‍ 27 റൺസെടുത്ത് പുറത്തായ ശേഷം സ്ഥാനക്കയറ്റം കിട്ടി വന്ന ശിവം ദുബെ മൂന്ന് റൺസെടുത്ത് പുറത്തായി. പിന്നീട് വന്ന കോലി 38 റൺസെടുത്തപ്പോൾ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മനീഷ് പാണ്ഡെയും ജഡേജയും ചേർന്നാണ് ഇന്ത്യയുടെ സ്കോർ 179 ആക്കി മാറ്റിയത്. പരമ്പരയിലെ നാലാം മത്സരം ഈമാസം 31ന് വെല്ലിങ്ടണില്‍ നടക്കും.