ഹൈദരാബാദ്: മറ്റൊരു ഐസിസി വനിതാ ലോകകപ്പിന് കൂടി കളമൊരുങ്ങുമ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകർ ഒരിക്കല്‍ കൂടി ഓർക്കുകയാണ് ആ പേര് ഹർമന്‍പ്രീത് കൗർ. നിലവില്‍ ഇന്ത്യന്‍ വനിതാ ടി20 ടീമിന്‍റെ ക്യാപ്റ്റനായ ഹർമന്‍പ്രീത് കൗർ 2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമി ഫൈനലില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് നമ്മുടെ സ്വീകരണ മുറികളില്‍ വനിതാ ക്രിക്കറ്റിനെ എത്തിച്ചത്. അന്ന് ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 115 പന്തില്‍ 171 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പഞ്ചാബിലെ മോഗയില്‍ നിന്നുള്ള ഹർമന്‍പ്രീത് ക്രിക്കറ്റ് ആരാധകരുടെ ചർച്ചാ വിഷയമായി. ആ ഇന്നിങ്സിനെ പ്രശംസിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കർ അടക്കമുള്ള ഇതിഹാസ താരങ്ങളും അന്ന് രംഗത്ത് വന്നു.

ക്രിക്കറ്റ് ആരാധകരുടെ ഓർമ്മകളില്‍ മായാതെ കിടക്കുന്ന ആ ഇന്നിങ്സിനെ ഓർമ്മിച്ചെടുക്കുകയാണ് ഇവിടെ. ഇന്ത്യയിലെ വനിതാ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് ലോകം ചർച്ചചെയ്യാന്‍ ആരംഭിച്ചത് ഹർമന്‍പ്രീത് അന്ന് ബാറ്റ് ഏന്തിയതോടെയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ആ ഇന്നിങ്സ് ഇന്നും ചർച്ചചെയ്യപ്പെടുന്നു. ഒരു വനിതാ ടി20 ലോകകപ്പിന്‍റെ ആരവങ്ങൾ ഉയരാന്‍ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോളാണ് ഈ തിരിഞ്ഞു നോട്ടം. പഞ്ചാബിലെ മോഗയില്‍ നിന്നുള്ള ഹർമൻപ്രീത് കൗർ എങ്ങനെ ഒരു ഇന്നിങ്സ് കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍ എത്തിയെന്ന്.

2017 ജൂണ്‍ 20-ത്. ലോകം ഒരിക്കലും ഭാവനയില്‍ പോലും കണ്ടുകാണില്ല നിലവിലെ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ മറികടക്കുമെന്ന്. അന്ന് ലോകകപ്പ് തുടങ്ങുന്നതിന് മുന്നേ എഴുതി തള്ളിയ ടീമുകളില്‍ ഒന്നായിരുന്നു ടീം ഇന്ത്യ. ഗ്രൂപ്പ് സ്‌റ്റേജില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ സെമി ഫൈനലില്‍ എത്തിയത്. മത്സരം നടക്കുന്നത് ഇംഗ്ലണ്ടിലാണെന്ന് പോലും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് അറയില്ലായിരുന്നു എന്നതാണ് വസ്‌തുത. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം ഇന്ത്യക്കായി മഴ പെയ്യുന്ന തണുത്ത ആ ദിവസം ബാറ്റേന്തി ഹർമന്‍പ്രീത് ഗ്രൗണ്ടിലെത്തി. ചരിത്രമെഴുതാനാണ് ആ വരവെന്ന് ആരും കരുതിയിരുന്നില്ല. മിതാലി രാജ് നയിക്കുന്ന ടീം ഇന്ത്യ അപ്പോൾ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 101 റണ്‍സെന്ന നിലയിലായിരുന്നു. ഫോമിലായിരുന്ന മിതാലി രാജിനെ അപ്പോഴേക്കും ടീം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. മത്സരത്തിലെ രണ്ടാമത്തെ ടോപ് സ്‌കോററായ മിതാലിക്ക് സ്വന്തമാക്കാനായത് 36 റണ്‍സ് മാത്രമായിരുന്നു. സ്‌മൃതി മന്ദാനയുടെയും പൂനം റാവത്തിന്‍റെയും വിക്കറ്റുകളും ടീം ഇന്ത്യക്ക് നേരത്തെ നഷ്‌ടമായി.

പിന്നെ സാവധാനം ഹർമ്മന്‍ പ്രീത് കൗർ ഇന്നിങ് പടുത്തുയർത്തി. 64 പന്തില്‍ അർദ്ധ സെഞ്ച്വറി കുറിച്ച ഹർമന്‍പ്രീത് 90 പന്തില്‍ സെഞ്ച്വറിയും സ്വന്തമാക്കി. അവസാന 25 പന്തില്‍ താരം 71 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഗ്രൗണ്ട് നിറഞ്ഞ് കളിച്ച ആ ഇന്നിങ്സില്‍ പിറന്നത് മനോഹരമായ 20 ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്‌സുകളുമായിരുന്നു. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്‌കോറും ഒരു ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ സ്‌കോറുമാണ് ഹർമന്‍പ്രീത് കൗർ അന്ന് സ്വന്തം പേരില്‍ കുറിച്ചത്. ദീപ്‌തി ശർമയുടെ പിന്തുണയോടെണ് താരം 171 റണ്‍സെന്ന സ്‌കോർ സ്വന്തം പേരില്‍ കുറിച്ചത്. ഓസിസ് സ്‌പിന്‍ ബൗളർ ജസ് ജോണ്‍സണിന്‍റെ രണ്ട് ഓവറില്‍ 24 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

അന്ന് ലോകകപ്പ് കളിക്കുമ്പോൾ 28 വയസായിരുന്നു താരത്തിന്‍റെ പ്രായം. 42 ഓവറില്‍ 282 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടി മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 245 റണ്‍സിന് പുറത്തായി. 90 റണ്‍സെടുത്ത അലക്‌സ് ബ്ലാക്‌സ്‌വെല്ലും 75 റണ്‍സെടുത്ത ഏലിസ് വില്ലാനിയും ഓസിസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന് വിജയ ലക്ഷ്യം മറികടക്കാനായില്ല. ദീപ്‌തി ശർമ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഓസ്‌ട്രേലിയിയിലെ വനിതാ ബിഗ് ബ്ലാഷ് ലീഗില്‍ കളിച്ച താരത്തെ ഓസ്‌ട്രേലിയന്‍ ആരാധകർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്‌തുത. ഏതായാലും അതോടെ ക്രിക്കറ്റ് ലോകത്ത് വനിതാ ക്രിക്കറ്റിന്‍റെ പ്രാധാന്യം വർധിച്ചു. ലോകകപ്പ് സെമി ഫൈനലില്‍ 171 റണ്‍സെടുത്ത ഹർമന്‍പ്രീത് കൗറിന്‍റെ ഇന്നിങ്സായിരുന്നു ആ മാറ്റത്തിന് പിന്നില്‍.
ടി20 ലോകകപ്പ് വനിതാ ക്രിക്കറ്റിന്‍റെ ഭാവി ശോഭനമാക്കുമെന്ന് ഹർമ്മന്‍
അതിനിടെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിത ടി20 ലോകകപ്പ് വനിതാ ക്രിക്കറ്റിന്‍റെ ഭാവി മാറ്റി മറിക്കുമെന്ന അഭിപ്രായവുമായി ഇന്ത്യന്‍ നായിക ഹർമന്‍പ്രീത് കൗർ ഇപ്പോൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് ഏകദിന ഫോർമാറ്റില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ടി20 ക്രിക്കറ്റില്‍ മോശം ഫോമിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയെന്നാണ് ഹർമന്‍റെ അഭിപ്രായം.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ശ്രീലങ്കയും ബംഗ്ലാദേശും ഉൾപ്പെടുന്ന അഞ്ച് ടീമുകളാണ് ഇന്ത്യയെ കൂടാതെ ഗ്രൂപ്പ് എയില്‍ ഉള്ളത്. ഫെബ്രുവരി 21ന് നടക്കുന്ന ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. മാർച്ച് എട്ടിനാണ് ഫൈനല്‍. കാത്തിരിക്കാം ആ ലോകകപ്പ് പോരാട്ടത്തിനായി.