ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ മഴ വില്ലനായി മാറിയതോടെ വലിയ വിമർശനങ്ങളാണ് ഐസിസിയും ഇസിബിയും നേരിട്ടുകൊണ്ടിരിക്കുന്നത്. മഴയെ തുടർന്ന് ടൂർണമെന്‍റില്‍ നാല് മത്സരങ്ങൾ ഇതിനകം ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യ-പാകിസ്ഥാൻ മത്സരം മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. മഴ മൂലം മത്സരങ്ങൾ ഉപേക്ഷിക്കുന്നതില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ രൂക്ഷമായി വിമർശിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ സുനില്‍ ഗവാസ്കർ.
മഴയെ നേരിടാന്‍ ടൂര്‍ണമെന്‍റിന് മുമ്പ് ഒരു തയ്യാറെടുപ്പും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് നടത്തിയില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗവാസ്കർ വിമർശിച്ചു. ലോകകപ്പില്‍ മത്സരം നടന്നില്ലെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം ഇസിബിക്ക് തന്നെയാണെന്ന് ഐസിസി അറിയിക്കണമെന്നും ഗവാസ്കർ പറഞ്ഞു. ഒരു മത്സരത്തിന് 7,50,000 ഡോളറാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന് ലഭിക്കുന്നത്. എന്നാല്‍ കളി നടന്നില്ലെങ്കില്‍ ഈ പണം അവർക്ക് നല്‍കില്ലെന്ന മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.