ഹൈദരാബാദ്: അണ്ടർ 19 ലോകകപ്പ് ബംഗ്ലാദേശ് സ്വന്തമാക്കിയതിന് ശേഷമുണ്ടായ കയ്യാങ്കളിയെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനായത് സപ്പോർട്ടിങ് സ്‌റ്റാഫ് രംഗത്ത് വന്നത് കൊണ്ടാണെന്ന് ഇന്ത്യന്‍ താരം തിലക് വർമ്മ. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പ് സ്വന്തമാക്കിയ ശേഷം ബംഗ്ലാദേശ് താരങ്ങൾ ആവേശഭരിതരായിരുന്നു. ഇതേ തുടർന്ന് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങൾക്ക് സമീപം അവരെത്തി. എന്നാല്‍ സപ്പോർട്ടിങ് സ്‌റ്റാഫ് സംഭവം നടന്ന് മിനുട്ടുകൾക്കുള്ളില്‍ സ്ഥലത്ത് എത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായെന്നും തിലക് പറഞ്ഞു.
അതേസമയം കപ്പ് നഷ്‌ടമായതില്‍ ടീം ഇന്ത്യ നിരാശരാണെന്നും. പരാജയത്തോട് പൊരുത്തപ്പെടാന്‍ സമയമെടുത്തുവെന്നും തിലക് വർമ്മ കൂട്ടിച്ചേർത്തു. ഫൈനല്‍ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ താരം 65 പന്തില്‍ മൂന്ന് ഫോർ അടക്കം 38 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചിരുന്നു. ഫൈനലില്‍ 23 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് കിരീടം സ്വന്തമാക്കി.