ന്യൂഡല്‍ഹി: ഏകദിന ടി20 ലോകകപ്പുകൾ സ്വന്തമാക്കുന്നതിനേക്കാൾ പ്രധാനം ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയാണെന്ന് ഇന്ത്യന്‍ താരം ചേതേശ്വർ പൂജാര. ക്രിക്കറ്റിലെ ഏറ്റവും ആധികാരികമായ ഫോർമാറ്റാണ് ടെസ്റ്റ് മത്സരങ്ങളെന്നും താരം പറഞ്ഞു. ഇക്കാര്യം വിരമിച്ചതോ നിലവിലുള്ളതോ ആയ ക്രിക്കറ്റ് താരങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷം നീണ്ട മത്സരങ്ങൾക്ക് ഒടുവിലാണ് ഒരു ടീം ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. ഹോം ഗ്രൗണ്ടിലും പുറത്തുമായി നടക്കുന്ന മത്സരങ്ങൾ ജയിച്ചാണ് ഒരു ടീം ഈ നേട്ടം സ്വന്തമാക്കുന്നത്.
വിദേശത്ത് ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാനാകുന്നില്ലെന്ന് പറയുന്ന വിമർശകരുടെ വായടപ്പിക്കാന്‍ ഇപ്പോൾ ടീം ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇതിനകം നാം വിദേശ മണ്ണില്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. എന്നാല്‍ മിക്ക ടീമുകൾക്കും വിദേശ പര്യടനങ്ങളുടെ ഭാഗമായുള്ള ടെസ്‌റ്റ് പരമ്പരകൾ വെല്ലുവിളി ഉയർത്തുന്നുണ്ട്. ചില ടീമുകൾ സ്വന്തം മണ്ണില്‍ പരമ്പര സ്വന്തമാക്കുമ്പോൾ വിദേശത്ത് അതിന് സാധിക്കാതെ പോകുന്നു. ടെസ്റ്റ് മത്സരങ്ങൾ നിലനിർത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഐസിസിയുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. താരങ്ങൾക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ ടെസ്റ്റ് മത്സരത്തിലൂടെയാണ് സാധിക്കുന്നതെന്നും ചേതേശ്വർ പൂജാര പറഞ്ഞു.
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 360 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 296 പോയിന്‍റേ ഉള്ളൂ. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് പാകിസ്ഥാനുമാണ്.
നിലവില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്‌റ്റുകളുള്ള പരമ്പരയില്‍ ഈമാസം 21-ാണ് ആരംഭിക്കുന്നത്. 32 വയസുള്ള പൂജാര നിലവില്‍ ഇന്ത്യന്‍ ടെസ്‌റ്റ് ടീമിലെ സ്ഥിരം അംഗങ്ങളില്‍ ഒരാളാണ്. നിലവില്‍ 75 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 5,740 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്. 206 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ടെസ്‌റ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ.