ദുബായ്: ഇംഗ്ലണ്ടിനെതിരായ ലിമിറ്റ്ഡ് ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സീമർ ഭുവനേശ്വർ കുമാറിന് ഐസിസിയുടെ 'പ്ലെയർ ഓഫ് ദ മന്ത്' അവാർഡിന് നാമനിർദേശം. ഭുവനേശ്വറിനെ കൂടാതെ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, സിംബാബ്‌വെയുടെ സീൻ വില്യംസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍.
വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച പട്ടിക ഐസിസി പുറത്ത് വിട്ടത്. മാര്‍ച്ച് മാസത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിച്ച ഭുവനേശ്വര്‍ 4.56 ഇക്കോണമിയില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് നടന്ന അഞ്ച് ടി20 മത്സരങ്ങളില്‍ 6.38 എന്ന ഇക്കോണമിയില്‍ നാലു വിക്കറ്റുകളും താരം നേടി.
അതേസമയം സിംബാവെയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 11 വിക്കറ്റുകള്‍ വീഴ്തത്തിയ റാഷിദ് ഖാന്‍, മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകളും നേടിയിരുന്നു. അഫ്ഗാനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സീൻ വില്യംസ് രണ്ട് സെഞ്ചുറിയടക്കം 264 റണ്‍സ് നേടുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ച താരം 128.57 സ്ട്രൈക്ക് റേറ്റോടെ 45 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്.