മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രാജ്‌കോട്ടില്‍ മാർച്ച് ഒമ്പതിന് നടക്കുന്ന രഞ്ജി ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ കളിക്കില്ല. ജഡേജ രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ കളിക്കണമെന്ന സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ അഭ്യർഥന ബിസിസിഐ നിഷേധിച്ചു. സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റെ ജയദേവ് ഷാ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോടാണ് ഇതുസംബന്ധിച്ച അഭ്യർത്ഥന നടത്തിയത്. അതേസമയം വിഷയത്തില്‍ രാജ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഗാംഗുലി മറുപടി പറഞ്ഞതായി ജയദേവ് ഷാ പിന്നീട് വ്യക്തമാക്കി. മാർച്ച് 12-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് ജഡേജ. ഇക്കാരണത്താലാണ് താരത്തിന് രഞ്ജി കളിക്കാനുള്ള അവസരം ബിസിസിഐ നിഷേധിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയുടെ ഭാഗമായതിനാല്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്കും രഞ്ജി ട്രോഫി ഫൈനലില്‍ കളിക്കാനാകില്ല. ബംഗാളിന് വേണ്ടി കളിച്ചുകൊണ്ടിരുന്ന താരമായിരുന്നു മുഹമ്മദ് ഷമി.
അതേസമയം സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വർ പൂജാരയും ബംഗാളിനായി വൃദ്ധിമാൻ സാഹയും രഞ്ജി ഫൈനലിൽ കളിക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടെ സൗരാഷ്‌ട്രയുടെ നാലാമത്തെ രഞ്ജി ട്രോഫി ഫൈനലാണിത്. മാർച്ച് ഒമ്പതിന് സൗരാഷ്‌ട്രിയുടെ ഹോം ഗ്രൗണ്ടായ രാജ്കോട്ടിലാണ് ഫൈനല്‍ മത്സരം. ഇത് ആദ്യമായാണ് സൗരാഷ്‌ട്ര ഹോം ഗ്രൗണ്ടില്‍ രഞ്ജി ട്രോഫി ഫൈനല്‍ മത്സരം കളിക്കുന്നത്. നേരത്തെ കർണാകയെ പരാജയപ്പെടുത്തിയാണ് ബംഗാൾ സെമി ഫൈനലില്‍ പ്രവേശിച്ചത്.
മറ്റൊരു സെമി ഫൈനല്‍ മത്സരത്തില്‍ ഗുജറാത്തിനെ 91 റണ്‍സിന് സൗരാഷ്‌ട്രിയും പരാജയപ്പെടുത്തി. കഴിഞ്ഞ വർഷം നാഗ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സൗരാഷ്‌ട്ര വിദർഭയോട് പരാജയപ്പെട്ടിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 397 പോയിന്‍റുമായി മൂന്നാം സ്ഥാനത്തും ഏകദിനത്തില്‍ ഓൾ റൗണ്ടർമാർക്കിടയില്‍ ഏഴാം സ്ഥാനത്തുമുള്ള താരമാണ് രവീന്ദ്ര ജഡേജ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് മാർച്ച് 12-ന് തുടക്കമാകും.