ധാക്ക: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി രണ്ടംഗ സംഘം ബംഗ്ലാദേശ് സന്ദര്‍ശിക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ ബയോ സെക്വയര്‍ ബബിള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയിരിക്കുന്നത്. കൊവിഡ് 19ന് ശേഷം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന ആദ്യ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസാകുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ഇതുവരെ 6,487 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. 454,146 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
ബംഗ്ലാദേശില്‍ മൂന്ന് വീതം ടെസ്റ്റും ടി20യും ഏകദിനങ്ങളും വെസ്റ്റ് ഇന്‍ഡീസ് ടീം കളിക്കും. നിലവില്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുകയാണ് വിന്‍ഡീസ് ടീം. മൂന്ന് ടി20യും രണ്ട് ടെസ്റ്റ് മത്സരവും വിന്‍ഡീസ് ടീം ന്യൂസിലന്‍ഡില്‍ കളിക്കും. കിവീസിന് എതിരായ ആദ്യ ടി20 ഈ മാസം 27ന് ഓക്ക്‌ലന്‍ഡില്‍ ആരംഭിക്കും. ടെസ്റ്റ് പരമ്പര ഡിസംബര്‍ ആദ്യം ഹാമില്‍ട്ടണില്‍ തുടങ്ങും. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഡിസംബര്‍ 11ന് വെല്ലിങ്‌ടണില്‍ നടക്കും. ഐപിഎല്ലിന് ശേഷം വിന്‍ഡീസ് താരങ്ങള്‍ ന്യൂസിലന്‍ഡ് ടൂറിന്‍റെ ഭാഗമായി തുടരുകയാണ്.