ലാഹോർ: വിരാട് കോലി, ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്ത്, ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നവരുടെ ഗണത്തില്‍ ഉൾപ്പെടുത്താവുന്ന കളക്കാരനാണ് ബാബർ അസമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനും സെലക്‌ടറുമായ മിസ്‌ബ ഉൾഹഖ്. കോലിയെയും ബാബർ അസമിനെയും താരതമ്യം ചെയ്‌ത് ക്രിക്കറ്റ് ലോകത്ത് ചർച്ച പുരോഗമിക്കുന്നതിനിയെയാണ് മിസ്‌ബാ അഭിപ്രായം പങ്കുവെച്ചത്.
താരതമ്യങ്ങളോട് യോജിപ്പില്ല. എങ്കിലും കോഹ്‌ലി, സ്മിത്ത്, റൂട്ട് എന്നിവരുടെ മികവിനടുത്തു നില്‍ക്കുന്ന പ്രതിഭയുള്ള താരമാണ് ബാബര്‍. കോലിയുടെ മികവിലേ എത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വന്തം കഴിവ് മെച്ചപ്പെടുത്താന്‍ അദ്ദേഹത്തേക്കാൾ കൂടുതല്‍ അധ്വാനിക്കണം. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഉൾപ്പെടെ ഈ ശൈലി പിന്തുടരണമെന്നും മിസ്‌ബ ഉൾ ഹഖ് പറഞ്ഞു.
ഒരിക്കലും ടീമിന്‍റെ ഭാഗമാകണമെന്ന് ആഗ്രഹിക്കാത്തതാണ് ബാബറിന്‍റെ ഏറ്റവും വലിയ ഗുണമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച താരമാകാനാണ് ബാബർ ആഗ്രഹിക്കുന്നത്. ബാബർ പണത്തിന് വേണ്ടി കളിക്കുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ കളിക്കാരനാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കോലിക്കെതിരെയും സ്‌മിത്തിന് എതിരെയുമാണ് അദ്ദേഹം മത്സരിക്കുന്നത്.
ടി20 ടീമിന്‍റെ നായക സ്ഥാനം ബാബറിന് നല്‍കിയത് പരീക്ഷണമെന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതില്‍ വിജയിച്ചാല്‍ ഏകദിന ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനവും നല്‍കുമെന്നും മിസ്‌ബ ഉൾ ഹഖ് പറഞ്ഞു.