ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന്(03.08.2022) ഇറങ്ങും. ഗ്രൂപ്പ് എയുടെ ഭാഗമായ കളിയില്‍ ബാര്‍ബഡോസാണ് എതിരാളി. ഇന്ത്യൻ സമയം രാത്രി 10.30ന് എഡ്‌ജ്‌ബാസ്റ്റണിലാണ് മത്സരം.
കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോ ജയം നേടിയ ഇന്ത്യയും ബാര്‍ബഡോസും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിന് നോക്കൗട്ട് പോരാട്ടത്തിന്‍റെ ആവേശവുമുണ്ട്. ജയിക്കുന്ന ടീമാവും സെമിയിലേക്ക് മുന്നേറുകയെന്നിരിക്കെ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍ മരണപ്പോരാട്ടമാണ്.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം പിടിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ചിരവൈരികള്‍ക്കെതിരെ ബോളര്‍മാരും ബാറ്റര്‍മാരും മിന്നിയപ്പോള്‍ എട്ട് വിക്കറ്റിന്‍റെ ജയം നേടാന്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും കഴിഞ്ഞിരുന്നു.
18 ഓവറായി ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാനെ മൂന്നക്കം തൊടീക്കാതെ 99 റണ്‍സില്‍ പിടിച്ച് നിര്‍ത്തി ഇന്ത്യ 38 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് വിജയിച്ചത്. ഈ പ്രകടനം ബാര്‍ബഡോസിന് എതിരേയും ആവര്‍ത്തിക്കാനാവും സംഘത്തിന്‍റെ ശ്രമം.
ഷഫാലി വര്‍മ, സ്‌മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, രേണുക സിങ്, ദീപ്‌തി ശര്‍മ, സ്‌നേഹ റാണ എന്നിവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. മറുവശത്ത് ക്യാപ്‌റ്റന്‍ ഹെയ്‌ലി മാത്യൂസ്, കൈസിയ നൈറ്റ്, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരിലാണ് ബാര്‍ബഡോസിന്‍റെ പ്രതീക്ഷ. ഗ്രൂപ്പില്‍ നിന്നും കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ നേരത്തെ സെമിയില്‍ എത്തിയിരുന്നു. രണ്ടും തോറ്റ പാകിസ്ഥാന്‍റെ പ്രതിക്ഷകള്‍ അവസാനിച്ചു കഴിഞ്ഞു.