ന്യൂഡല്‍ഹി : കിവീസിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വർ കുമാറിന്‍റെ അസാന്നിധ്യം പ്രകടമാകുന്നുവെന്ന് മുൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ഇന്ത്യയുടെ ബൗളിങ് യൂണിറ്റിലെ പേസര്‍മാരായ മൂന്ന് താരങ്ങള്‍ക്കും പിച്ചില്‍ നിന്നും സ്വിങ് കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്. യൂട്യൂബ് വിഡിയോയിൽ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ചോപ്രയുടെ പ്രതികരണം.
‘തീർച്ചയായും ഇന്ത്യ ഭുവനേശ്വർ കുമാറിനെ മിസ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ സാന്നിധ്യം മൂന്ന് തരത്തിലാണ് ഇന്ത്യയ്ക്ക് സഹായകരമാകുന്നത്. ഒന്നാമതായി ന്യൂ ബോളില്‍ മാന്ത്രികത തീര്‍ക്കാന്‍ കഴിയുന്ന സ്വിങ് ബോളറാണ് ഭുവനേശ്വർ കുമാർ.
രണ്ടാമതായി താരത്തിന് നീണ്ട സ്പെല്ലുകൾ ബോൾ ചെയ്യാന്‍ കഴിയും. പിന്നെ മികച്ചൊരു ബാറ്റ്സ്മാൻ കൂടിയാണ് ഭുവനേശ്വർ‘ ചോപ്ര പറഞ്ഞു.അതേസമയം കിവീസ് ബൗളര്‍മാരെ പോലെ ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട രീതിയിൽ ഇഷാന്ത് ശർമയ്ക്ക് മാത്രമാണ് നിലവിൽ സ്വിങ് കണ്ടെത്താനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
also read: അബ്ദുള്‍ റഹീബ് ഹൈദരാബാദ് എഫ്.സിയില്‍, മലപ്പുറത്തിന് അഭിമാനം
ഗ്രാൻഡ്ഹോമിന് പിച്ചിൽനിന്ന് സ്വിങ് ലഭിച്ചിരുന്നു. ജാമിസണ്‍, ടിം സൗത്തി, ട്രെന്‍റ് ബോൾട്ട്, ഇഷാന്ത് ശർമ തുടങ്ങിയവരും ഭേദപ്പെട്ട സ്വിങ് കണ്ടെത്തുന്നുണ്ട്.
എന്നാല്‍ മറ്റ് രണ്ട് പേരും ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. അവർ പന്ത് സ്വിങ് ചെയ്യിക്കുന്നില്ലെന്നും മറിച്ച് സീം ബോളർമാരാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.