നാഗ്‌പൂർ : പേസർ ജസ്‌പ്രീത് ബുംറയുടെ പരിക്ക് ഇന്ത്യൻ ടീമിന്‍റെ ബോളിങ് നിരയെ വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. അവസാന ഓവറുകളിൽ ബോളർമാർ ക്രൂരമായി അടിവാങ്ങുന്നതും 200ൽ അധികം റണ്‍സ് സ്വന്തമാക്കിയിട്ടും അതിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുന്നതും കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി നാം കാണുന്നതാണ്. അപ്പോഴെല്ലാം ബുംറയുണ്ടായിരുന്നെങ്കിൽ എന്ന് ഓരോ ക്രിക്കറ്റ് പ്രേമികളും ആത്മഗതം പറഞ്ഞിട്ടുണ്ടാകും.
ഇപ്പോൾ ടി20 ലോകകപ്പിൽ ഇന്ത്യൻ പേസ് നിരയ്‌ക്ക് കരുത്തേകാൻ ജസ്‌പ്രീത് ബുംറ ഉണ്ടാകും എന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ബുംറ പരിക്കിൽ നിന്ന് മുക്‌തനായെന്നും ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നുമുള്ള സന്തോഷ വാർത്തയാണ് സൂര്യകുമാർ പങ്കുവച്ചത്. 'ബുംറ പരിക്കിൽ നിന്ന് മോചിതനായിട്ടുണ്ട്. തീർച്ചയായും അവൻ ടി20 ലോകകപ്പിലുണ്ടാകും. അവൻ തയാറാണ്. വിഷമിക്കേണ്ട കാര്യമില്ല'- സൂര്യകുമാർ പറഞ്ഞു.
അതേസമയം ഇന്ത്യൻ സംഘം രണ്ടാം ടി20ക്ക് തയാറാണെന്നും സൂര്യകുമാർ വ്യക്‌തമാക്കി. യഥാർഥത്തിൽ അവസാന മത്സരത്തിന് ശേഷം ഞങ്ങൾ അതിനെക്കുറിച്ച് ചർച്ചകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം നിങ്ങൾ കണ്ടതുപോലെ മത്സരം നീണ്ടുപോയി. നല്ല മഞ്ഞുവീഴ്‌ച ഉണ്ടായിരുന്നു. ഓസ്‌ട്രേലിയ മികച്ച മത്സരമാണ് കാഴ്‌ചവച്ചത്. ഞങ്ങൾ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു. ഇപ്പോൾ ടീമിന്‍റെ അന്തരീക്ഷം മികച്ചതാണ്. എല്ലാ താരങ്ങളും അടുത്ത മത്സരത്തിനായി ഫസ്റ്റ്ക്ലാസ് ഫിറ്റാണ് - സൂര്യകുമാർ വ്യക്‌തമാക്കി.
ഓരോ മത്സരത്തിലും പിച്ച് വിലയിരുത്തുന്നത് വളരെ പ്രധാനമാണ്. ഓരോരുത്തരും അവരവരുടെ റോൾ ചെയ്യുന്നു. അവർക്ക് അവരുടെ ഉത്തരവാദിത്തം അറിയാം. വ്യത്യസ്‌ത സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്ക് അറിയാം. ഓപ്പണർമാർ അവരുടെ റോളുകൾ ഭംഗിയായി നിർവഹിക്കുന്നു. തുടർന്ന് മധ്യനിര താരങ്ങളുടെ ഊഴമാണ്. ശേഷം ഫിനിഷർമാർ അത് ഏറ്റെടുക്കുന്നു. എല്ലാം നന്നായി നടക്കുന്നുണ്ട്. അടുത്ത മത്സരത്തിലും അത് പ്രാവർത്തികമാക്കും - സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.