സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിനിറങ്ങും മുമ്പ് ഓസ്‌ട്രേലിയയ്‌ക്ക് കനത്ത തിരിച്ചടി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്‍ഡോറില്‍ കളിക്കാനിറങ്ങില്ല. ഡല്‍ഹി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയ 29 കാരൻ ഇന്‍ഡോര്‍ ടെസ്റ്റിനുണ്ടാവില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
"ഇപ്പോൾ കുടുംബത്തോടൊപ്പം ഇവിടെയുള്ളതാണ് ഏറ്റവും നല്ലതെന്നാണ് എനിക്ക് തോന്നുന്നു. അതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടെന്ന തീരുമാനത്തിലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്‌ക്ക് നന്ദി പറയുന്നു". കമ്മിന്‍സ് പ്രസ്‌താവനയില്‍ അറിയിച്ചു.
കമ്മിന്‍സിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താകും മൂന്നാം ടെസ്റ്റില്‍ ഓസീസിനെ നയിക്കുക. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 33കാരനായ സ്‌മിത്തിന് രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്കുണ്ടായിരുന്നു. പിന്നീട് ടിം പെയ്‌നിൽ നിന്ന് കമ്മിൻസ് ചുമതലയേറ്റെടുത്തതോടെ സ്‌മിത്തിനെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു.
കമിന്‍സിന്‍റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ടെസ്റ്റുകളില്‍ സ്‌മിത്ത് ഓസീസിനെ നയിച്ചിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് ഇൻഡോറിൽ കമ്മിൻസിന്‍റെ പകരക്കാരനായേക്കും. നാല് മത്സര പരമ്പരയിലെ കളിച്ച രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ നിലവില്‍ 2-0ത്തിന് മുന്നിലാണ്.
നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്. ഇതോടെ ബാക്കിയുള്ള മത്സരങ്ങളില്‍ വിജയം നേടി ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം മാർച്ച് ഒമ്പതിന് അഹമ്മദാബദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.
ALSO READ: 'കോലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളൂ' ; രോഹിത് ശർമയുടെ ഫിറ്റ്‌നസിൽ ആശങ്ക പ്രകടിപ്പിച്ച് കപിൽ ദേവ്