മുംബൈ: ഐപിഎൽ ക്രിക്കറ്റ് ടീമായിരുന്ന ഡെക്കാൻ ചാര്‍ജേഴ്സുമായുള്ള നിയമ പോരാട്ടത്തില്‍ ബിസിസിഐയ്ക്ക് ആശ്വാസം. ഐപിഎല്ലില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഡെക്കാൻ ചാർജേഴ്സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന സിങ്കിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു നേരത്തെ സിങ്കിള്‍ ബെഞ്ച് ഉത്തരവിട്ടത്. 100 കോടി രൂപയുടെ ബാങ്ക് ഗാരന്‍റി നൽകണമെന്ന ചട്ടം ഫ്രാഞ്ചൈസി ലംഘിച്ചതിനാണ് പുറത്താക്കിയതെന്ന ബിസിസിഐയുടെ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. അതേസമയം കരാര്‍ ലംഘിട്ടില്ലെന്നതിന് ഡെക്കാൻ ചാർജേഴ്സിന് യാതൊരു തെളിവും ഹാജറാക്കാനായില്ലെന്ന് ജസ്റ്റിസ് ജിഎസ് പാട്ടില്‍ വ്യക്തമാക്കി.
also read: റയൽ മാഡ്രിഡിൽ നിന്ന് സെർജിയോ റാമോസ് പടിയിറങ്ങുന്നു
ബിസിസിഐക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജറായത്. 2012ലാണ് കരാർ ലംഘനത്തിന്‍റെ പേരിൽ ഐപിഎലിൽ നിന്ന് ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയത്. തുടർന്ന് ടീം ഉടമകളായ ഡെക്കാൻ ക്രോണിക്കിൾസ് ഹോൾഡിങ്സ് ലിമിറ്റഡ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2012 സെപ്റ്റംബറിലാണ് ടീമിന് അനുകൂലമായി സിങ്കിള്‍ ബെഞ്ച് ഉത്തരവിട്ടത്.