മുംബൈ: ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയില്‍ ഈ വര്‍ഷം ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. കാര്‍ അപകടത്തില്‍ പരിക്കേറ്റ് സുഖം പ്രാപിച്ചുവരുന്ന താരം കളിക്കളത്തിലേക്ക് നടങ്ങിയെത്താന്‍ ഇനിയും ആറോ ഏഴോ മാസം വരെയെടുക്കുമെന്നാണ് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഇതോടെ റിഷഭ് പന്തിന് ലോകകപ്പിനിറങ്ങാന്‍ അദ്‌ഭുതം സംഭവിക്കാതെ മറ്റ് വഴികളില്ല. പരിക്കിന്‍റെ സ്വഭാവം പരിഗണിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയിലുള്ള പന്തിന്‍റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇതോടെ ഏകദിന ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ മറ്റ് താരങ്ങളെ ബിസിസിഐക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.
എന്നാല്‍ നിലവില്‍ പരിഗണനയിലുള്ള താരങ്ങളുടെ കൂട്ടത്തില്‍ മലയാളി താരം സഞ്‌ജു സാംസണില്ലെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍റെ വാക്കുകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ഏകദിന ലോകകപ്പിനുള്ള രണ്ട് വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളായി കെഎൽ രാഹുലിനേയും ഇഷാൻ കിഷനേയുമാണ് ബസിസിഐ നോക്കുന്നതെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരിക്കുന്നത്.
"റിഷഭ് സുഖം പ്രാപിച്ചുവരികയാണ്. എന്നാൽ ശരിയായി നടക്കാനും സ്‌ട്രെച്ച് ചെയ്യാനും കുറഞ്ഞത് ആറ് - ഏഴ് മാസമെങ്കിലും എടുക്കും. ഇതോടെ ഏകദിന ലോകകപ്പില്‍ പന്തിന് കളിക്കാന്‍ കഴിഞ്ഞേക്കില്ല. ക്രിക്കറ്റിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് അവന്‍ പൂർണമായി സുഖം പ്രാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു''.
മത്സര ക്രിക്കറ്റിൽ തിരിച്ചെത്താൻ അവന് ഏറെ സമയം വേണം. ഇക്കാരണത്താല്‍ നമ്മൾ ഇപ്പോൾ നോക്കുന്ന രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ രാഹുലും ഇഷാനുമാണ്". - ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.
സഞ്‌ജുവിനോട് അയിത്തം?: ഏകദിന ഫോര്‍മാറ്റില്‍ ലഭിച്ച അവസരങ്ങളില്‍ ഏറെ മികച്ച പ്രകടനം നടത്തിയ താരമാണ് സഞ്‌ജു സാംസണ്‍. കളിച്ച 11 മത്സരങ്ങളിൽ നിന്ന് 66.00 ശരാശരിയിൽ 330 റൺസാണ് വലങ്കയ്യന്‍ ബാറ്റര്‍ നേടിയിട്ടുള്ളത്. എന്നിട്ടും ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായാണ് 28കാരന്‍റെ സ്ഥാനം.
അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് ദയനീയ പ്രകടനം നടത്തിയപ്പോള്‍ സഞ്‌ജുവിനായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഏത്ര മികച്ച പ്രകടനം നടത്തിയാലും ബിസിസിഐയുടെ ഭാവി പദ്ധതികളില്‍ സഞ്‌ജു ഉള്‍പ്പെടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
പന്ത് തിരിച്ചുവരവിന്‍റ പാതയില്‍: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് പുലര്‍ച്ചെ കാര്‍ അപകടത്തില്‍പ്പെട്ട റിഷഭ് പന്ത് നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. പന്ത് ഓടിച്ചിരുന്നു ആഢംബര കാര്‍ ഡല്‍ഹി - ഡെറാഡൂണ്‍ ഹൈവേയില്‍വച്ച് ഡിവൈഡറില്‍ ഇടിച്ചുകയറി തീ പിടിക്കുകയായിരുന്നു. വളരെ അദ്‌ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. താരത്തെ ആദ്യം ഡെറാഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ച് കാല്‍മുട്ടിലെ ലിഗ്‌മെന്‍റിനുള്ള പരിക്ക് മാറ്റാന്‍ രണ്ട് ഘട്ടമായി ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുന്ന പന്ത് ഐപിഎല്ലില്‍ വേദികളില്‍ ഇടയ്‌ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. താന്‍ സുഖം പ്രാപിച്ച് വരുന്നതായും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടുന്നതായും താരം അടുത്തിടെ പ്രതികരിച്ചിരുന്നു.
വിക്കറ്റ് കീപ്പര്‍ റോള്‍ ആശങ്കയില്‍: കാല്‍മുട്ടിലെ മൂന്ന് ലിഗ്‌മെന്‍റുകൾ പുനർനിർമിച്ചതിനാൽ, വിക്കറ്റ് കീപ്പര്‍ എന്ന നിലയിലുള്ള പന്തിന്‍റെ ഭാവി ആശങ്കയിലാണ്. കാരണം ഏറെ നേരം കുനിഞ്ഞിരിക്കേണ്ടി വരുന്നതിനാല്‍ കാല്‍മുട്ടുകള്‍ക്ക് ഏറെ സമ്മര്‍ദം നല്‍കുന്നതാണ് വിക്കറ്റ് കീപ്പിങ്. ഇതോടെ വിക്കറ്റ് കീപ്പറായി ടീമിലേക്ക് മടങ്ങിയെത്താന്‍ പന്തിന് ഏറെ സമയം ആവശ്യമായി വന്നേക്കും.
ALSO READ: IPL 2023 | സ്റ്റംപ് മുറിച്ചാല്‍ കേസില്ല ; അര്‍ഷ്‌ദീപിനെതിരെ നടപടിയില്ലെന്ന് മുംബൈ പൊലീസ്