ദുബായ് : ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ പുതിയ റെക്കോഡിട്ട് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനത്തിരുന്ന താരമെന്ന റെക്കോര്‍ഡാണ് പാക് നായകന്‍ സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പിന്തള്ളിയാണ് അസമിന്‍റെ നേട്ടം.
1013 ദിവസമാണ് കോലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഏറ്റവും പുതിയ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് തുടര്‍ന്നാണ് അസം കോലിയെ മറികടന്നത്. ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തേക്കിറങ്ങി. ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷനാണ്.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തോടെ ദീപക് ഹൂഡയും സഞ്‌ജു സാംസണും നേട്ടമുണ്ടാക്കി. രണ്ടാം ടി20യിലെ സെഞ്ച്വറി പ്രകടനത്തോടെ 414 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഹൂഡ 104ാം സ്ഥാനത്തെത്തി. അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ 57 സ്ഥാനങ്ങള്‍ ഉയര്‍ന്ന് സഞ്‌ജു 144ാം റാങ്കിലെത്തി.
ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ മറ്റ് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ലാതെ തുടരുന്നു. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍, ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം, ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍, ഓസീസ് താരങ്ങളായ ആരോണ്‍ ഫിഞ്ച്, ഡിവോണ്‍ കോണ്‍വേ എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്ന് മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നു. എട്ടാം സ്ഥാനത്തുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, 10ാം സ്ഥാനത്തുള്ള വിരാട് കോലിയുമാണ് ആദ്യ പത്തിലുള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍. 899 പോയിന്‍റുമായി ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് ഒന്നാമത് തുടരുന്നത്. ഓസീസിന്‍റെ മര്‍നസ് ലബുഷെയ്നാണ് രണ്ടാം സ്ഥാനത്ത്.
റൂട്ടുമായി ഏഴ് പോയിന്‍റ് വ്യത്യാസമാണ് ലബുഷെയ്നുള്ളത്. ഇംഗ്ലണ്ട് പര്യടനത്തില്‍ തിളങ്ങിയ കിവീസിന്‍റെ ഡാരില്‍ മിച്ചലും ടോം ബ്ലണ്ടലും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് സ്വന്തമാക്കി. മിച്ചല്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12ാം സ്ഥാനത്തെത്തിയപ്പോള്‍ 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന ബ്ലണ്ടല്‍ 20ാം സ്ഥാനം സ്വന്തമാക്കി. ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്‌റ്റോ 20 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 21ാം റാങ്കിലെത്തി.
ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും ജോറൂട്ട് പുറത്തായി. 10ാം സ്ഥാനത്തുണ്ടായിരുന്ന റൂട്ട് ഒരു സ്ഥാനം താഴ്‌ന്ന് 11ാമതെത്തിയപ്പോള്‍ വിന്‍ഡീസ് താരം ഷായ് ഹോപ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 10ാമത് എത്തി. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള മറ്റ് സ്ഥാനങ്ങളില്‍ മാറ്റമില്ല. പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. മൂന്നാം സ്ഥാനത്തുള്ള വിരാട് കോലിയും നാലാം സ്ഥാനത്തുള്ള രോഹിത് ശര്‍മയുമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങള്‍.