കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ പുറത്താവാതെ നിന്നാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 203 റണ്‍സാണ് പാക് ഓപ്പണര്‍മാര്‍ നേടിയത്. ബാബര്‍ 66 പന്തില്‍ 110 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ റിസ്‌വാന്‍ 51 പന്തില്‍ 88 റണ്‍സും സ്വന്തമാക്കി.
അന്താരാഷ്‌ട്ര ടി20യില്‍ പുതിയ ചില റെക്കോഡുകളും ഈ കൂട്ടുകെട്ട് സ്ഥാപിച്ചു. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുടെ ഒരു റെക്കോഡും തകര്‍ക്കപ്പെട്ടിരിക്കുയാണ്. അന്താരാഷ്‌ട്ര ടി20യിലെ ഏതൊരു വിക്കറ്റിലേയും ഏറ്റവും കൂടുതൽ റൺസ് കൂട്ടുകെട്ടുണ്ടെന്ന ഇരുവരുടേയും റെക്കോഡാണ് പഴങ്കഥയായത്.
52 ഇന്നിങ്‌സുകളില്‍ 33.51 ശരാശരിയിൽ 1743 റൺസ് നേടിയായിരുന്നു രോഹിത്-ധവാന്‍ സഖ്യം റെക്കോഡിട്ടത്. എന്നാല്‍ നിലവിൽ 36 ഇന്നിങ്‌സുകളില്‍ 56.73 ശരാശരിയിൽ 1929 റൺസാണ് ബാബര്‍-റിസ്‌വാന്‍ സഖ്യത്തിന്‍റെ സമ്പാദ്യം. അയര്‍ലന്‍ഡിന്‍റെ കെവിന്‍ ഒബ്രിയൻ- പോള്‍ സ്റ്റിർലിങ് സഖ്യമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
49 ഇന്നിങ്‌സുകളില്‍ 1720 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം പട്ടികയില്‍ നാലാമതുണ്ട്. 32 ഇന്നിങ്‌സുകളില്‍ 1660 റണ്‍സാണ് ഇരുവരുടേയും കൂട്ടുകെട്ട്.
അതേസമയം പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ പാക് താരമായും ബാബര്‍ അസം മാറി. ഇന്ത്യയുടെ കെഎല്‍ രാഹുല്‍, ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍, യുഎഇയുടെ മുഹമ്മദ് വസീം എന്നിവര്‍ക്കും ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറികള്‍ വീതമുണ്ട്.