മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പേസര്‍ ആവേശ് ഖാനെ ഉള്‍പ്പെടുത്തി ബിസിസിഐ (India vs South Africa 2nd Test). പരിക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് അവേശിനെ ടീമിലേക്ക് ചേര്‍ത്തിരിക്കുന്നത് (Avesh Khan replaces Mohammed Shami in India squad for 2nd Test vs South Africa).
ഇന്ത്യയ്‌ക്കായി ഇതേവരെ ടെസ്റ്റ് കളിക്കാത്ത താരമാണ് ആവേശ്. എന്നാല്‍ എട്ട് ഏകദിനങ്ങളിലും 19 ടി20യിലും ആവേശ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22.65 ശരാശരിയിൽ 149 വിക്കറ്റുകള്‍ നേടാന്‍ ആവേശിന് കഴിഞ്ഞിട്ടുണ്ട്.
അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവസാനിച്ച ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ ആവേശിന് കഴിഞ്ഞിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി കളിക്കുന്ന താരം അഞ്ച് വിക്കറ്റുമായി മിന്നിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്.
അതേസമയം ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫിറ്റ്‌നസിന് വിധേയമായി മാത്രമാവും ഷമി കളിക്കുക എന്ന് സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരത്തിന് ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. പകരം ആരെയും സ്‌ക്വാഡിലേക്ക് ചേര്‍ത്തിരുന്നില്ല.
ALSO READ: ഒരു അര്‍ധ സെഞ്ചുറി പോലുമില്ല, ആകെ നേടിയത് 204 റണ്‍സ്; ദുരന്തമായി ബാബര്‍ അസം
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. 26.4 ഓവറില്‍ 69 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളുകളായിരുന്നു ബുംറ സ്വന്തമാക്കിയത്. 2.59 മാത്രം ആയിരുന്നു ഇക്കോണമി.
ALSO READ: മെല്‍ബണില്‍ കമ്മിന്‍സ് കൊടുങ്കാറ്റ്; ബോക്‌സിങ് ഡേ ടെസ്റ്റിലും പാകിസ്ഥാന്‍ തരിപ്പണം, ഓസീസിന് പരമ്പര
എന്നാല്‍ മറ്റ് പേസര്‍മാരായ മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ നിറം മങ്ങി. രണ്ട് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ് 24 ഓവറില്‍ 91 റണ്‍സ് വഴങ്ങിയിരുന്നു. 3.79 ആണ് ഇക്കോണമി. ശാര്‍ദുല്‍ താക്കൂര്‍ 19 ഓവറില്‍ 101 റണ്‍സായിരുന്നു വഴങ്ങിയത്.
ഒരു വിക്കറ്റ് വീഴ്‌ത്തി താരത്തിന്‍റെ ഇക്കോണമി 5.32 ആയിരുന്നു. അരങ്ങേറ്റ ടെസ്റ്റ് കളിച്ച പ്രസിദ്ധ് കൃഷ്‌ണ ഒരു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 20 ഓവറില്‍ 93 റണ്‍സായിരുന്നു വഴങ്ങിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആവേശിനെ സ്‌ക്വാഡിലേക്ക് ചേര്‍ത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.
ALSO READ: ഇന്ത്യയ്‌ക്ക് ഐസിസി പിഴ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ കുത്തനെ താഴോട്ട്