സിഡ്‌നി: വിൽ പുക്കോവ്‌സ്‌കിയുള്‍പ്പെടെയുള്ള എട്ട് ഓസീസ് യുവ താരങ്ങള്‍ ഇന്ത്യയില്‍ പരിശീലനത്തിനെത്തുന്നു. ഓഗസ്റ്റ് 7 മുതൽ 17 വരെ ചെന്നൈയിലാണ് 10 ദിവസത്തെ പരിശീലന ക്യാമ്പ് നടക്കുന്നത്. ജോഷ് ഫിലിപ്പ്, ടീഗ് വില്ലി, കൂപ്പർ കനോലി, ഹെൻറി ഹണ്ട്, സ്പിന്നർമാരായ മാറ്റ് കുഹ്നെമാൻ, ടോഡ് മർഫി, തൻവീർ സംഗ എന്നിവരാണ് പരിശീലനത്തിനെത്തുന്ന മറ്റ് താരങ്ങള്‍.
24 കാരനായ പുക്കോവ്‌സ്‌കി കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു. മത്സരത്തിനിടെ തോളെല്ലിന് പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പിന്നാലെ തലയ്‌ക്ക് പരിക്കേറ്റ താരം അടുത്തിടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.
എന്നാല്‍ ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ 'എ' ടീമിൽ പുക്കോവ്‌സ്‌കിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെ നീക്കം ഇന്ത്യൻ പര്യടനത്തിനുള്ള ടീമില്‍ താരത്തേയും ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്, ശ്രീലങ്കയുടെ മുൻ മധ്യനിര താരം തിലൻ സമരവീര തുടങ്ങിയവര്‍ കോച്ചിങ് ടീമിന്‍റെ ഭാഗമാവും. അതേസമയം ക്വീൻസ്‌ലൻഡിൽ നടക്കുന്ന കെഎഫ്‌സി ടി20 മാക്‌സ് പരമ്പരയിൽ ഇന്ത്യൻ പേസർമാരായ ചേതൻ സക്കറിയയും മുകേഷ് ചൗധരിയും കളിക്കുന്നുണ്ട്. അടുത്ത മാസമാണ് കെഎഫ്‌സി ടി20 മാക്‌സ് പരമ്പര നടക്കുക.