മെൽബണ്‍: ടി20 ലോകകപ്പിന്‍റെ ആവേശത്തെ തണുപ്പിച്ച് ഓസ്‌ട്രേലിയയിൽ വില്ലനായി മഴ തുടരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന അഫ്‌ഗാനിസ്ഥാൻ- അയർലൻഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ സൂപ്പർ 12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു. ഉച്ചയ്‌ക്ക് മെൽബണിൽ നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം നീട്ടിവച്ചെങ്കിലും ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടെടുത്തു.
ഒന്നാം ഗ്രൂപ്പിലെ സെമി ഫൈനലിസ്റ്റുകളെ നിർണയിക്കുന്നതിൽ ഏറെ നിർണായകമായിരുന്ന ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ച് ഇരു ടീമുകൾക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്‍റുമായി ഇംഗ്ലണ്ട് നിലവിൽ രണ്ടാം സ്ഥാനത്തും ഇത്രതന്നെ മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്‍റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമാണ്.
ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന അഫ്‌ഗാനിസ്ഥാൻ- അയർലൻഡ് മത്സരവും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. സൂപ്പർ 12ൽ അഫ്‌ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്. നേരത്തെ ന്യൂസിലൻഡിനെതിരായ അഫ്‌ഗാനിസ്ഥാന്‍റെ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. കൂടാതെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക മത്സരവും മഴമൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഗ്രൂപ്പ് ഒന്നിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയ അയർലൻഡിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത് വലിയ തിരിച്ചടിയാണ്. ഇന്ന് അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ അയർലൻഡിന് സെമി ഫൈനൽ സാധ്യതകൾ ഒന്നുകൂടി ഉറപ്പിക്കാൻ സാധിക്കുമായിരുന്നു. മത്സരം ഉപേക്ഷിച്ചതിൽ നിരാശയുണ്ടെന്ന് അയർലൻഡ് ക്യാപ്‌റ്റനും പ്രതികരിച്ചു.