വെല്ലിംഗ്‌ടണ്‍ : വനിത ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഓസ്‌ട്രേലിയ. ആദ്യ സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 157 റണ്‍സിന്‍റെ കൂറ്റന്‍ ജയത്തോടെയാണ് ഓസീസ് വനിതകള്‍ ഫൈനലിലിടം പിടിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് ഉയർത്തിയ 305 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന വിന്‍ഡീസ് 37 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായി. മഴ കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അലീസ ഹീലിയുടെ (129) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
48 റൺസ് നേടിയ ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. 34 റണ്‍സ് വീതമെടുത്ത ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. പരിക്ക് കാരണം ചിനേല്ലെ ഹെൻറി, അനിസ മുഹമ്മദ് എന്നിവര്‍ ബാറ്റിങ്ങിനിറങ്ങിയില്ല.
ALSO READ: ഐപിഎല്‍: ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയം; സഞ്‌ജുവിനും കൂട്ടര്‍ക്കും മിന്നുന്ന തുടക്കം
റഷാദ വില്യംസ് (0), ഷെമെയ്ന്‍ ക്യാംപെല്ലെ (8), ചെഡെയ്ന്‍ നാഷന്‍ (7), കിസിയ നൈറ്റ് (0), കരിഷ്‌മ റാംഹറാക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒരു റൺസുമായി ഷമിലിയ പുറത്താവാതെ നിന്നു. ഓസീസിനായി ജെസ് ജൊനാസൻ അഞ്ച് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ഹീലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 107 പന്തില്‍ 17 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റിൽ റേച്ചല്‍ ഹെയ്‌നസിനൊപ്പം 216 റണ്‍സാണ് ഹീലി കൂട്ടിച്ചേര്‍ത്തത്. 100 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ അടക്കമാണ് റേച്ചൽ 85 റണ്‍സ് നേടിയത്. ചിനേല്ലെ ഹെൻറി വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.