ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് ശേഷമുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ടെസ്റ്റ് ക്യാപ്‌റ്റന്‍സി ഒഴിഞ്ഞ തനിക്ക് എംഎസ് ധോണി മാത്രമാണ് സന്ദേശമയച്ചതെന്നായിരുന്നു താരം വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
ടെലിവിഷനിലൂടെയും സമൂഹ മാധ്യമങ്ങള്‍ വഴിയും തന്നെ ഉപദേശിക്കുന്നവരെയും താരം പഞ്ഞിക്കിട്ടിരുന്നു. നേരിട്ട് പറയുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് വില നല്‍കുകയെന്നായിരുന്നു കോലി പറഞ്ഞിരുന്നത്. താരത്തിന്‍റെ ഈ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
സൗഹൃദം കാത്തുസൂക്ഷിക്കാത്ത താരങ്ങളുടെ പേര് വെളിപ്പെടുത്തുകയാണ് കോലി ചെയ്യേണ്ടതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു ഗവാസ്‌കറുടെ പ്രതികരണം.
'ഡ്രസ്സിങ് റൂമിന്‍റെ അകത്തെ കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സൗഹൃദം പുലർത്തുന്ന ഒരാളുടെ പേര് അദ്ദേഹം നൽകിയിട്ടുണ്ടെങ്കിൽ, സൗഹൃദം പുലര്‍ത്താത്ത മറ്റുള്ളവരുടെയും പേര് പറയണമായിരുന്നു. കോലി ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ആരുടെയെങ്കിലും പേര് മനസില്‍ വച്ചാണ് സംസാരമെങ്കില്‍ നേരിട്ട് ചോദിക്കുകയാണ് വേണ്ടത്', ഗവാസ്‌കര്‍ പറഞ്ഞു.
എന്ത് സന്ദേശമായിരുന്നു കോലിക്ക് വേണ്ടിയിരുന്നതെന്നും ഗവാസ്‌കര്‍ ചോദിച്ചു. "കോലിക്ക് എന്ത് സന്ദേശമാണ് വേണ്ടത്?. പ്രോത്സാഹനമോ?, ക്യാപ്‌റ്റൻസി പൂർത്തിയാക്കിയ ഒരാള്‍ക്ക് എന്ത് പ്രോത്സാഹനമാണ് വേണ്ടത്? ആ അധ്യായം (ക്യാപ്‌റ്റൻസി) ഇതിനകം അവസാനിച്ചു", ഗവാസ്‌കര്‍ പറഞ്ഞു.
സ്വന്തം കളിയില്‍ ശ്രദ്ധിക്കാം: ഒരാൾ ക്യാപ്‌റ്റൻസി വിടുമ്പോൾ, ഏറ്റവും നല്ല ഭാഗം സ്വന്തം കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. "ഇപ്പോള്‍ നിങ്ങള്‍ താരമായി മാത്രമാണ് കളിക്കുന്നത്. അതിനാൽ ആ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
കാരണം നിങ്ങൾ ക്യാപ്‌റ്റനായിരിക്കുമ്പോൾ, മറ്റ് താരങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയും ആശങ്കപ്പെടേണ്ടിയും വരും. ക്യാപ്‌റ്റൻസി അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ സ്വന്തം ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.
1985ല്‍ ഞാന്‍ ക്യാപ്‌റ്റന്‍സി ഒഴിഞ്ഞപ്പോള്‍ ആ രാത്രി ആഘോഷിച്ചു. എല്ലാവരും പരസ്‌പരം ആലിംഗനം ചെയ്‌തു. അതിനപ്പുറം എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്", ഗാവസ്‌കര്‍ പറഞ്ഞു.
കോലിയുടെ വാക്കുകള്‍: "ടെസ്റ്റ് ക്യാപ്‌റ്റൻസി ഒഴിഞ്ഞപ്പോള്‍, എനിക്ക് ഒരാളിൽ നിന്ന് മാത്രമാണ് സന്ദേശം ലഭിച്ചത്. ആ വ്യക്തിയോടൊപ്പം ഞാന്‍ നേരത്തെ ഒന്നിച്ച് കളിച്ചിട്ടുണ്ട്. ആ വ്യക്തി എംഎസ് ധോണിയാണ്. എന്‍റെ നമ്പര്‍ പലരുടേയും കയ്യിലുണ്ടായിരുന്നു. ഏറെപ്പേര്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍ അവരാരും ഒരു സന്ദേശം അയച്ചില്ല. നിങ്ങൾക്ക് ആരോടെങ്കിലും ആത്മാർഥമായ ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് കാണാൻ കഴിയും. എനിക്ക് ധോണിയില്‍ നിന്നോ, ധോണിക്ക് എന്നില്‍ നിന്നോ ഒന്നും തന്നെ വേണ്ട.
ഞങ്ങള്‍ പരസ്‌പരം അരക്ഷിതരായിരുന്നില്ല. എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തിപരമായി തന്നെ അവരെ സമീപിച്ച് ഞാനത് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്നെ സഹായിക്കണമെന്നുണ്ടെങ്കിൽ പോലും, ടിവിയുടെ മുന്നിലോ ലോകത്തിന്‍റെ മുഴുവൻ മുന്നിലോ ആണ് നിങ്ങൾ നിർദേശം നൽകാൻ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് എന്നെ സംബന്ധിച്ച് യാതൊരു വിലയുമില്ല. നിങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാം. വളരെ സത്യസന്ധതയോടെയാണ് ഞാൻ കാര്യങ്ങളെ കാണുന്നത്. ടീമിനായി കഠിനപ്രയത്‌നം നടത്തുകയാണ് എന്‍റെ ജോലി, അത് തുടരും' വിരാട് കോലി പറഞ്ഞു.