ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് ഇന്ന്(06.09.2022) ജീവന്‍ മരണപ്പോരാട്ടം. സൂപ്പർ ഫോറിൽ രോഹിത് ശര്‍മയും സംഘവും ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ കളിക്കാനിറങ്ങും. ദുബായിൽ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് മുന്നേറ്റം ഉറപ്പാക്കാന്‍ ലങ്കയോട് വിജയിച്ചേ മതിയാവൂ. എന്നാല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് ലങ്കയെത്തുന്നത്. ഇതോടെ ഇന്ത്യയെ കീഴടക്കിയാല്‍ ലങ്കയ്‌ക്ക് ഫൈനല്‍ ഉറപ്പിക്കാം.
വിരാട് കോലി അടക്കമുള്ള ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ബോളിങ് യൂണിറ്റിന്‍റെ മോശം പ്രകടനമാണ് ഇന്ത്യയ്‌ക്ക് തലവേദനയാവുന്നത്. ടീമിലെ പ്രധാന സ്‌പിന്നറായ യുസ്‌വേന്ദ്ര ചഹല്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നുണ്ട്. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ചഹലിനെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ സ്‌പെഷ്യലിറ്റ് സ്‌പിന്നര്‍ എന്ന നിലയില്‍ രവി ബിഷ്‌ണോയ് ടീമില്‍ തുടരും. ഇതോടെ അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലെത്തിയേക്കാം. ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡറില്‍ മാറ്റത്തിന് സാധ്യതയില്ല. ദിനേശ് കാര്‍ത്തിക് തിരിച്ചെത്തുകയാണെങ്കില്‍ റിഷഭ് പന്ത് പുറത്തിരിക്കേണ്ടിവരും.
ദീപക് ഹൂഡയ്‌ക്ക് വീണ്ടും അവസരം നല്‍കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും അര്‍ഷ്‌ദീപ് സിങ്ങും തുടരുമ്പോള്‍ ഓള്‍റൗണ്ടര്‍ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയും ഉറപ്പാണ്. ആവേശ് ഖാന്‍, ആര്‍ അശ്വിന്‍ എന്നിവര്‍ അവസരം കാത്തിരിപ്പുണ്ട്.
മറുവശത്ത് പാത്തും നിസ്സാങ്ക, കുശാൽ മെൻഡിസ്, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സെ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയ താരങ്ങളുടെ പ്രകടനത്തിലാണ് ലങ്കയുടെ പ്രതീക്ഷ. ദുബായിൽ നടന്ന അവസാന മൂന്ന് മത്സരങ്ങളിലും 180-ൽ കൂടുതൽ സ്‌കോറുകൾ നേടിയ അഞ്ച് ഇന്നിങ്‌സുകളാണ് പിറന്നത്. ചെറിയ ബൗണ്ടറി ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.