മുള്‍ട്ടാന്‍ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന് നേപ്പാളാണ് (Pakistan vs Nepal) എതിരാളി. മുള്‍ട്ടാനില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നിവരാണ് ടൂര്‍ണമെന്‍റിലെ മറ്റ് ടീമുകള്‍ (Asia Cup 2023 Preview).
ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്‍റ്. ആറ് ടീമുകളെ മൂന്ന് വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഇറങ്ങുന്നത്.
ഗ്രൂപ്പിലെ മൂന്ന് ടീമുകള്‍ പരസ്‌പരം ഓരോ മത്സരങ്ങള്‍ വീതം മത്സരിക്കുന്ന റൗണ്ട് റോബിന്‍ രീതിയിലാണ് ആദ്യ ഘട്ടം നടക്കുക. ഇന്ന് മുതല്‍ സെപ്‌റ്റംബര്‍ അഞ്ച് വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍ അരങ്ങേറുക. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കും.
സൂപ്പര്‍ ഫോറും റൗണ്ട് റോബിന്‍ രീതിയിലാണ്. സെപ്റ്റംബര്‍ ആറ് മുതല്‍ സെപ്‌റ്റംബര്‍ 15 വരെയാണ് സൂപ്പര്‍ ഫോര്‍ ഘട്ടം നടക്കുക. തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഫൈനല്‍ യോഗ്യത നേടും. സെപ്റ്റംബര്‍ 17-നാണ് ഫൈനല്‍.
ടൂര്‍ണമെന്‍റില്‍ ഫൈനലടക്കം ആകെ 17 മത്സരങ്ങളാണ് ഉള്ളത്. ഇതില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നെണ്ണം ഒഴികെ ബാക്കി മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക. ശ്രീലങ്കയാണ് ഏഷ്യ കപ്പില്‍ നിലവിലെ ചാമ്പ്യന്മാര്‍.
ഏഷ്യ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ടീം ഇന്ത്യയാണ്. എന്നാല്‍ കഴിഞ്ഞ പതിപ്പില്‍ ടീമിന് ഫൈനലിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇക്കുറി ഏകദിന ലോകകപ്പ് (ODI world Cup 2023) കൂടി അടുത്തിരിക്കെ ഏഷ്യ കപ്പിലെ ടീമിന്‍റെ പ്രകടനത്തിന് വലിയ പ്രാധാന്യമുണ്ട്.
രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴില്‍ 17 അംഗ ടീമിനെയാണ് ഏഷ്യ കപ്പിനായി സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാന്‍റ് ബൈ താരമായി മലയാളി താരം സഞ്‌ജു സാംസണും സ്‌ക്വാഡിനൊപ്പമുണ്ട്. കെഎല്‍ രാഹുലിന് (KL Rahul) നേരിയ പരിക്കുള്ളതിനാലാണ് സഞ്‌ജു സാംസണ്‍ (Sanju Samosn) ടീമിന്‍റെ ഭാഗമായത്.
താരത്തിന് ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇഷാന്‍ കിഷന്‍ പകരക്കാരനാവുന്നതോടെ സഞ്‌ജുവിന് കളിക്കാന്‍ കഴിയില്ല.
ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ (India Group matches in Asia Cup): സെപ്റ്റംബര്‍ രണ്ടിനാണ് ഏഷ്യ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാനാണ് എതിരാളി (India vs Pakistan). നേപ്പാളിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ നാലിന് നടക്കും. കാന്‍ഡിയാണ് ഇരു മത്സരങ്ങള്‍ക്കും വേദിയാവുന്നത്.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് ( Asia Cup 2023 India Squad ): രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
ഹൈബ്രിഡ് മോഡല്‍ : പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് ഇത്തവണത്തെ ഏഷ്യ കപ്പ്. പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീമിനെ പാക് മണ്ണിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലായിരുന്നു ബിസിസിഐയുടെ നടപടി. ഒടുവില്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ വരുന്ന ഹൈബ്രിഡ് മോഡലിന് അംഗീകാരം ലഭിച്ചത്.