ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന്(28.08.2022) നേര്‍ക്കുനേര്‍. രാത്രി ഏഴരയ്‌ക്ക് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഒന്നിന്‍റെ ഭാഗമായ മത്സരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേവേദിയിലാണ് ഇരു ടീമുകളും അവസാനമായി മുഖാമുഖമെത്തിയത്.
ടി20 ലോകകപ്പിന്‍റെ ഭാഗമായി നടന്ന മത്സരത്തില്‍ അന്ന് ബാബര്‍ അസം നയിച്ച പാകിസ്ഥാന്‍ വിരാട് കോലുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. കോലിക്ക് പകരം ചുമതലയേറ്റ രോഹിത് ശര്‍മയ്‌ക്ക് അന്നത്തെ തോല്‍വിക്ക് പകരം വീട്ടാനുളള അവസരമാണ് ഈ മത്സരം.
മോശം ഫോമിലുള്ള വിരാട് കോലിയാണ് മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമം അനുവദിച്ച താരം ഒരിടവേളയ്‌ക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഫോം തെളിയിക്കുകയെന്ന വെല്ലുവിളി കോലിക്ക് മുന്നിലുണ്ട്.
രോഹിത്തിനൊപ്പം കെഎല്‍ രാഹുല്‍ തന്നെ ഓപ്പണറായേക്കും. രാഹുല്‍ ഈ വര്‍ഷം കളിക്കുന്ന ആദ്യ ടി20 മത്സരമാണിത്. ഏഷ്യ കപ്പിലും പരീക്ഷണങ്ങള്‍ തുടരുമെന്ന് രോഹിത് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സുര്യകുമാര്‍ യാദവിനെയോ, റിഷഭ് പന്തിനെയോ പരീക്ഷിക്കുമോയെന്ന് കണ്ടറിയണം.
നേരത്തെ വിരാട് കോലിയും ഓപ്പണറായി എത്തിയിട്ടുണ്ടെങ്കിലും താരം മൂന്നാം നമ്പറില്‍ തന്നെ എത്തിയേക്കും. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരെ പ്ലേയിങ് ഇലവനില്‍ ഒന്നിച്ച് ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. ഇവരില്‍ ഒരാളെ മാത്രം കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ റിഷഭ് പന്തിനാണ് സാധ്യത.
ടെസ്റ്റിലും ഏകദിനത്തിലും തിളങ്ങാനായെങ്കിലും ടി20 ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനം നടത്താന്‍ പന്തിന് കഴിഞ്ഞിട്ടില്ല. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കാര്‍ത്തികിന് കഴിയാത്തതാണ് തിരിച്ചടിയാവുക.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ഉറപ്പാണ്. ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു.
പിച്ച് റിപ്പോര്‍ട്ട്: സ്‌ഫോടനാത്മക ബാറ്റിങ്ങിന് വഴങ്ങുന്ന പിച്ചല്ല ദുബായിലേത്. 160-170 റണ്‍സാണ് പതിവായി സ്‌കോര്‍ ചെയ്യപ്പെടുന്നത്. താരതമ്യേന ചെറിയ ബൗണ്ടറി പരമാവധി പ്രയോജനപ്പെടുത്താനാവും ബാറ്റര്‍മാരുടെ ശ്രമം. കൂടുതല്‍ ബൗണ്‍സ് പ്രതീക്ഷിക്കുന്ന പിച്ചില്‍ സ്‌പിന്നര്‍മാര്‍ക്ക് കുറഞ്ഞ പിന്തുണയെ ലഭിക്കു.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍.
എവിടെ കാണാം: ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക.
also read: Asia cup: പരീക്ഷണം തുടരും; പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കില്ല: രോഹിത് ശര്‍മ