ഹെഡിങ്ലി: ആഷസ് (Ashes) ടെസ്റ്റ് പരമ്പയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ (England) പിടിമുറുക്കാൻ ഓസ്ട്രേലിയ (Australia). രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യുന്ന അവർ മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് 116 - 4 എന്ന നിലയിൽ ബാറ്റിങ് പുനരരാരംഭിക്കും. നിലവിൽ 142 റൺസിന്‍റെ ലീഡ് ഓസീസിനുണ്ട്. 18 റൺസ് നേടിയ ട്രാവിസ് ഹെഡും 17 റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ.
ഓസീസ് ഒന്നാം ഇന്നിങ്സ് സ്കോറിന് 29 റൺസ് അകലെ 237 റണ്‍സില്‍ ആതിഥേയരെ എറിഞ്ഞിടാൻ കാങ്കരുപ്പടയ്ക്ക് ഇന്നലെ സാധിച്ചിരുന്നു. ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ച്വറി നേടിയ ബെൻ സ്റ്റോക്‌സ് മാത്രമാണ് പൊരുതിയത്. 108 പന്തിൽ 80 റൺസ് ആയിരുന്നു സ്റ്റോക്‌സിന്‍റെ സമ്പാദ്യം. ആറ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ തകർപ്പൻ പ്രകടനമാണ് അവർക്ക് ആദ്യ ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്.
പിന്നാലെ രണ്ടാം ഇന്നിങ്സ് ബറ്റിങ് ആരംഭിച്ച ഓസ്ട്രേലിയക്ക് അത്ര മികച്ച തുടക്കമല്ല ഹെഡിങ്ലിയിൽ ലഭിച്ചത്. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ഡേവിഡ് വർണറെ ഓസീസിന് നഷ്‌ടമായി. ഇംഗ്ലീഷ് വെറ്ററൻ പേസർ സ്റ്റുവർട്ട് ബ്രോഡ് ആണ് വാർണറെ മടക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇത് 17ാം തവണയാണ് വാർണർ ബ്രോഡിന് മുന്നിൽ വീഴുന്നത്. ഈ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിലും വാർണറുടെ വിക്കറ്റ് നേടാൻ ബ്രോഡിനായിരുന്നു. വാർണർ പുറത്താകുമ്പോൾ 11 റൺസ് ആണ് ഓസിസ് സ്കോർബോർഡിൽ ഉണ്ടായിരുന്നത്.
രണ്ടാം വിക്കറ്റിൽ ഖവാജയും ലബുഷെയ്‌നും ചേർന്ന് അവരുടെ സ്കോർ പതിയെ ഉയർത്തി. അർധസെഞ്ച്വറി കൂട്ടുകെട്ട് പൂർത്തിയാക്കാനും ഇവർക്കായിരുന്നു. 57 റൺസ് അടിച്ചെടുത്ത ഇവരുടെ കൂട്ടുകെട്ട് 26ാം ഓവറിൽ പൊളിച്ചത് മൊയീൻ അലിയാണ്.
33 റൺസ് നേടിയ ലബുഷെയ്നെ ആയിരുന്നു ഓസ്ട്രേലിയക്ക് രണ്ടാമത് നഷ്‌ടപ്പെട്ടത്. പിന്നാലെ എത്തിയ സ്റ്റീവ് സ്‌മിത്തിന് അധികനേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. ഒന്‍പത് പന്തിൽ രണ്ട് റൺസ് നേടിയ താരത്തെയും മൊയീൻ അലി തന്നെ തിരികെ ഡഗ്ഔട്ടിൽ എത്തിച്ചു.
ഇതോടെ 72-3 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. 35ാം ഓവറില്‍ ഉസ്‌മാന്‍ ഖവാജയേയും ഇംഗ്ലണ്ട് മടക്കി. 43 റണ്‍സ് നേടിയ ഓസീസ് ഓപ്പണറെ ക്രിസ് വോക്‌സ് ആണ് പുറത്താക്കിയത്. സ്‌കോര്‍ 90ല്‍ നില്‍ക്കെയാണ് ഖവാജ മടങ്ങിയത്. പിന്നീട് ക്രീസിലൊന്നിച്ച ഹെഡും, മാര്‍ഷും ചേര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്താതെ അവരുടെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ആയ 263 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് 68-3 എന്ന നിലയിലായിരുന്നു രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ചത്. ജോ റൂട്ടിനെ (19) രണ്ടാം ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് നഷ്‌ടമായി.
മികച്ച സ്‌കോര്‍ പ്രതീക്ഷിച്ച് ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നേടി സന്ദര്‍ശകര്‍ അവരെ പ്രതിരോധത്തിലാക്കി. സ്‌റ്റോക്‌സിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ദയനീയമായിരുന്നു ആതിഥേയരുടെ അവസ്ഥ. ജോണി ബെയര്‍സ്റ്റോ (12), മൊയീന്‍ അലി (21), ക്രിസ് വോക്‌സ് (10), മാര്‍ക്ക് വുഡ് (8 പന്തില്‍ 24), സ്റ്റുവര്‍ട്ട് ബ്രോഡ് (7) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലീഷ് താരങ്ങളുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. അഞ്ച് റണ്‍സ് നേടിയ ഒലീ റോബിന്‍സണ്‍ പുറത്താകാതെ നിന്നു. കമ്മിന്‍സ് ആറ് വിക്കറ്റ് നേടിയപ്പോള്‍ ഓസീസിനായി മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.