മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ സംപ്രേക്ഷണവകാശം സ്വന്തമാക്കുന്നതിനായുള്ള ലേലത്തിൽ നിന്ന് വമ്പൻമാരായ ആമസോണ്‍ പിൻമാറിയതായി റിപ്പോർട്ട്. അവസാന നിമിഷമാണ് ആമസോണ്‍ തങ്ങളുടെ പിൻമാറ്റം അറിയിച്ചതെന്ന് ബിസിസിഐയുടെ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഐപിഎൽ സംപ്രേക്ഷണവകാശം സ്വന്തമാക്കാൻ റിലയൻസ് ഉടമ മുകേഷ് അംബാനിയും ജെഫ് ബെസോസും തമ്മിൽ കടുത്ത മത്സരം നടത്തും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
മള്‍ട്ടി നാഷണല്‍ കമ്പനിയായ ആമസോണ്‍ അടുത്തിടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 6 ബില്യൺ ഡോളറിലധികം വരുന്ന വമ്പൻ നിക്ഷേപം നടത്തിയിരുന്നു. വീണ്ടുമൊരു 7-8 ബില്ല്യണ്‍ ഡോളര്‍ കൂടി ഇവിടെ നിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ആമസോണിന്‍റെ പിന്‍മാറ്റമെന്നാണ് വിവരം. ഇതേക്കുറിച്ച് ഔദ്യോഗികമായി കമ്പനി പ്രതികരിച്ചിട്ടില്ല.
2023-2027 കാലയളവിലേക്കുള്ള സംപ്രേക്ഷണവകാശത്തിനായാണ് ലേലം നടക്കുക. 32,890 കോടി രൂപയാണ് അടിസ്ഥാന വിലയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ലേലത്തിലൂടെ 60,000 കോടി രൂപയെങ്കിലും സ്വന്തമാക്കാമെന്നാണ് ബിസിസിഐയുടെ കണക്കു കൂട്ടൽ. ഞായറാഴ്‌ച ഓണ്‍ലൈനായാണ് ലേലം നടക്കുക.
ഡിസ്‌നി-സ്റ്റാറിന്‍റെ ഉടമസ്ഥതയിലുള്ള വാൾട്ട് ഡിസ്‌നി കമ്പനിയും വയാകോം 18/റിലയൻസിലൂടെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമാണ് നിലവിൽ ലേലത്തിൽ ശക്തമായ മത്സരം കാഴ്‌ചവെയ്‌ക്കുക. കൂടാതെ സോണി നെറ്റ്‌വർക്ക്, ടൈംസ് ഇന്‍റർനെറ്റ്, ഫണ്‍ ഏഷ്യ എന്നിവരും ലേലത്തിനായുള്ള ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്.
ഇതിന് മുൻപ് 2017ൽ നടന്ന ലേലത്തിൽ 16,347 കോടിക്ക് ഡിസ്‌നി സ്റ്റാർ ആയിരുന്നു സംപ്രേക്ഷണവകാശം സ്വന്തമാക്കിയത്. എന്നാൽ ഓരോ വർഷവും ഐപിഎല്ലിന്‍റെ മൂല്യം കുത്തനെ ഉയരുന്നതിനാൽ ഇത്തവണ ഇതിന്‍റെ മൂന്ന് ഇരട്ടിയിലധികം തുക ലേലത്തിലൂടെ ബിസിസിഐക്ക് സ്വന്തമാക്കാൻ സാധിച്ചേക്കും.