മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ (Asia Cup 2023 India Squad) കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ ടീമിലേക്കുള്ള മടങ്ങിവരവായിരുന്നു ടീം പ്രഖ്യാപനത്തിലെ പ്രധാന ആകര്‍ഷണം. പരിക്കേറ്റ് ഏറെ നാളായി ടീമിന് പുറത്തായിരുന്നു ഇരു താരങ്ങളും.
17 അംഗ സ്ക്വാഡില്‍ യുവ ഇടം കയ്യന്‍ ബാറ്റര്‍ തിലക് വര്‍മയെ (Tilak Varma) ഉള്‍പ്പെടുത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്കായി ഏകദിന ക്രിക്കറ്റില്‍ ഇതുവരെയും ഒരു മത്സരം പോലും കളിക്കാത്ത താരമാണ് തിലക് വര്‍മ. സഞ്ജു സാംസണെ (Sanju Samson) തഴഞ്ഞ് തിലക് വര്‍മയെ ടീമിലെടുത്തതില്‍ ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ടീം പ്രഖ്യാപനത്തിനിടെ ബിസിസിഐ (BCCI) ചീഫ് സെലക്‌ടര്‍ അജിത്ത് അഗാര്‍ക്കര്‍ (Ajit Agarkar) തിലക് വര്‍മയെ ടീമില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തി എന്നതില്‍ വ്യക്തത വരുത്തിയിരുന്നു. യുവതാരമായ തിലകിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ബിസിസിഐ ഒരുക്കമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു അഗാര്‍ക്കറിന്‍റെ പ്രതികരണം.
തിലക് പ്രതീക്ഷ നല്‍കുന്ന താരം : ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്‌ദാനമാണ് തിലക് വര്‍മ. ഏഷ്യ കപ്പ് അവന് ലഭിച്ചിരിക്കുന്ന വലിയൊരു അവസരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിലകിന്‍റെ പ്രകടനമികവ് എടുത്ത് പറയേണ്ടതായിരുന്നു.
ബാറ്റുകൊണ്ട് മാത്രമല്ല കളിക്കളത്തില്‍ അവന്‍റെ മനോഭാവവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. അവനൊരു ഇടംകയ്യന്‍ ബാറ്ററാണ്. അതുകൊണ്ട് തന്നെ തിലകിന് ടീമില്‍ കൂടുതല്‍ അവസരം നല്‍കാന്‍ ശ്രമിക്കും.
ഏഷ്യ കപ്പിലേക്ക് ഞങ്ങള്‍ക്ക് 17 പേരെ തെരഞ്ഞെടുക്കാന്‍ സാധിക്കും. എന്നാല്‍ ലോകകപ്പിലേക്ക് 15 പേരെ മാത്രമാണ് അയക്കാന്‍ പറ്റുന്നത്. കൃത്യമായ സമയത്ത് തന്നെ ആയിരിക്കും അക്കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. ഇപ്പോള്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും തിലകിനെ ഒപ്പം നിര്‍ത്തി കൂടുതല്‍ അവസരം നല്‍കാനാണ് ശ്രമിക്കുന്നത്' - അജിത്ത് അഗാര്‍ക്കര്‍ വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ ആയിരുന്നു തിലക് വര്‍മ രാജ്യാന്തര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം നടത്തിയത്. വിന്‍ഡീസിനെതിരെ ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാനും താരത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ തിലക് വര്‍മയ്‌ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന വാദം ഉന്നയിച്ചിരുന്നു.
ഏഷ്യ കപ്പ് ഇന്ത്യന്‍ സക്വാഡ് (India Squad For Asia Cup 2023): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, തിലക് വർമ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍),ശാര്‍ദുൽ താക്കൂർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ (ബാക്കപ്പ്)