ന്യൂഡല്‍ഹി: ബിസിസിഐയുടെ വാർഷിക കേന്ദ്ര കരാറിൽ നിന്ന് വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ എന്നിവര്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബർ 21ന് നടക്കുന്ന ബോർഡിന്‍റെ അപെക്‌സ് കൗൺസിൽ യോഗത്തിൽ 2022-23 സീസണിലേക്കുള്ള ലിസ്റ്റില്‍ അന്തിമ തീരുമാനമുണ്ടാവും. ഹാർദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗില്‍, സൂര്യകുമാർ യാദവ് എന്നിവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
എ പ്ലസ് ഗ്രൂപ്പില്‍ പെടുന്ന താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ഗ്രൂപ്പ് എയില്‍ അഞ്ച് കോടി, ഗ്രൂപ്പ് ബിയില്‍ മൂന്ന് കോടി, ഗ്രൂപ്പ് സിയില്‍ ഒരു കോടി എന്നിങ്ങനെയാണ് കരാര്‍ വാഗ്‌ദാനം ചെയ്യുന്നത്. ഭാവിയിലെ ടി20 ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന ഹാർദികിന് ഗ്രൂപ്പ് സിയില്‍ നിന്നും ബിയിലേക്കാവും സ്ഥാനക്കയറ്റം ലഭിക്കുക.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ നിലവില്‍ ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട സൂര്യക്ക് എ ഗ്രൂപ്പിലേക്ക് അല്ലെങ്കില്‍ കുറഞ്ഞത് ബി ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടതുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ബോര്‍ഡ് യോഗത്തിന്‍റെ 12 അജണ്ടകളാണുള്ളത്. ടി20 ലോകകപ്പിലെയും ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെയും ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെക്കുറിച്ചുള്ള അവലോകനം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ചെയർപേഴ്‌സൺ ആവശ്യമെന്ന് കരുതുന്നുവെങ്കിൽ മാത്രമാവും ലിസ്റ്റുചെയ്യാത്ത ഇനങ്ങൾ ചർച്ചയ്ക്ക് പരിഗണിക്കുക.