മുംബൈ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചയാവുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റെക്കോഡുകള്‍ തീര്‍ക്കുന്ന സര്‍ഫറാസിനെ തഴഞ്ഞ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് അവസരം നല്‍കിയ സെലക്‌ടര്‍മാരുടെ തീരുമാനത്തെ നിരവധി പേര്‍ ചോദ്യം ചെയ്‌തിരുന്നു. ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര.
സൂര്യയ്‌ക്ക് പകരം സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്. "സർഫറാസിന്‍റെ പേര് ഇപ്പോഴും ഇല്ല. അവന്‍റെ പേര് ആ പട്ടികയില്‍ ഉണ്ടാവേണ്ടിയിരുന്നതിനാല്‍ താൻ ചതിക്കപ്പെട്ടുവെന്ന് അവന് തോന്നിയേക്കും.
ബുംറയുടെ പേരും പട്ടികയിലില്ലെന്നത് മറ്റൊരു വാർത്തയാണ്. പക്ഷേ സർഫറാസ് അവിടെ ഇല്ലെന്നതാണ് എനിക്ക് കൂടുതൽ ആശങ്ക. നിങ്ങൾ സൂര്യയെ തെരഞ്ഞെടുത്തപ്പോൾ, അതിനർഥം ഒരു സ്ലോട്ട് തുറന്നിരിക്കുന്നു എന്നാണ്.
സർഫറാസിന് ആ അവസരം ലഭിക്കേണ്ടതായിരുന്നു. കാരണം അവന്‍റെ ഫസ്റ്റ് ക്ലാസ് ശരാശരി 80 ആണ്. കളിച്ച മത്സരങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ അവനെ കൂടാതെ, സാക്ഷാല്‍ ഡൊണാള്‍ഡ് ബ്രാഡ്മാന് മാത്രമേ ഇത്രയും ശരാശരിയുള്ളൂ" - ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി തന്‍റെ കഴിവിന്‍റെ പരമാവധി താരം ചെയ്‌തിട്ടുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. "സര്‍ഫറാസിനെ ടീമിലെടുക്കാത്തതില്‍ എനിക്ക് അൽപ്പം നിരാശയുണ്ട്. ഇന്ത്യന്‍ ടീമിലെത്താനുള്ള അവകാശം സർഫറാസിന് ഉണ്ടായിരുന്നു. എന്‍റെ അഭിപ്രായത്തിൽ ഒരാളുടെ ആഭ്യന്തര സീസൺ വളരെ മികച്ചതാണെങ്കിൽ, നിങ്ങൾ അദ്ദേഹത്തിന് പ്രതിഫലം നൽകണമായിരുന്നു" - ചോപ്ര കൂട്ടിച്ചേർത്തു.
2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 80.47 ശരാശരിയിൽ 3380 റൺസ് അടിച്ചുകൂട്ടാന്‍ 25കാരന് കഴിഞ്ഞിട്ടുണ്ട്. 12 സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും സഹിതമാണ് താരത്തിന്‍റെ പ്രകടനം. രഞ്‌ജിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും റണ്‍സടിച്ച് കൂട്ടിയ സര്‍ഫറാസ് നിലവില്‍ പുരോഗമിക്കുന്ന സീസണിലും ഈ പ്രകടനം ആവര്‍ത്തിക്കുകയാണ്.
രഞ്ജി ട്രോഫിയുടെ 2019-20 സീസണില്‍ 928 റൺസും 2021-22 സീസണില്‍ 982 റൺസുമാണ് താരം അടിച്ച് കൂട്ടിയത്. ഈ സീസണില്‍ ഇതിനോടകം രണ്ട് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും സര്‍ഫറാസ് നേടിക്കഴിഞ്ഞു.
സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് ഇന്ത്യയുടെ മുന്‍ താരങ്ങളായ ദൊഡ്ഡ ഗണേഷ്, ഹര്‍ഷ ഭോഗ്‌ലെ എന്നിവരും രംഗത്തെത്തിയിരുന്നു. ഫസ്റ്റ്‌ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് സങ്കടകരമായ കാര്യമാണെന്ന് ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിലെത്താന്‍ താരം ഇനിയും എന്താണ് ചെയ്യേണ്ടതെന്നാണ് ദൊഡ്ഡ ഗണേഷ് ചോദിച്ചത്.
ALSO READ: 'സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്; ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും അയാള്‍ എന്താണ് ചെയ്യേണ്ടത്'
അതേസമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുക. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ രണ്ട് മത്സരത്തിനുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക.