മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തെ പ്രവചിച്ച് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ പേരാണ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ രാഹുലിന്‍റെ ബാറ്റിങ് ശൈലിക്ക് അനുകൂലമാണെന്നാണ് ചോപ്ര പറയുന്നത്.
"2022ലെ ടി20 ലോകകപ്പിൽ കെഎൽ രാഹുലിന് ഇന്ത്യയുടെ ടോപ് സ്‌കോറർ ആകാം. 20 ഓവറുകളും ബാറ്റ് ചെയ്യാൻ അവന് അവസരമുണ്ട്, അവസാനം വരെ ബാറ്റ് ചെയ്യാനുള്ള കഴിവും അവനുണ്ട്. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ രാഹുലിന്‍റെ ബാറ്റിങ് ശൈലിക്ക് ഇണങ്ങും," ആകാശ് ചോപ്ര പറഞ്ഞു.
ബോളിങ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ പ്രകടനം നിര്‍ണായകമാവുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. "ന്യൂബോളിലും ഡെത്ത് ഓവറുകളിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് അര്‍ഷ്‌ദീപ്. മധ്യ ഓവറുകളിലും അവന് സാധ്യതയുണ്ട്. ഓസീസിലെ പിച്ചുകളും വലിയ ഗ്രൗണ്ടും അവന് അനുകൂല ഘടകങ്ങളാണ്," ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് കിരീട സാധ്യതയുണ്ടെന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ടീമാണെന്നും ഏറ്റവും മികച്ച പകരക്കാരുടെ നിരയും ഏറ്റവും മികച്ച ലീഗും അവകാശപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ ഫേവറേറ്റുകളാണെന്നുമാണ് ചോപ്ര പറഞ്ഞത്.
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിശീലനത്തിനായി നിലവില്‍ പെര്‍ത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. ഇതിനകം വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് പരിശീലന മത്സരങ്ങളും ഇന്ത്യ കളിച്ചു.
ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാമത്തേതില്‍ തോല്‍വി വഴങ്ങിയിരുന്നു. ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടം ആരംഭിക്കും മുമ്പ് ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമെതിരെ ഓരോ സന്നാഹ മത്സരങ്ങളും ടീം കളിക്കുന്നുണ്ട്.
Also Read: 'ടി20യിലെ ഏറ്റവും മികച്ച ലൈനപ്പ്' ; ലോകകപ്പിന് ശേഷം പുതിയ ഇന്ത്യൻ ടീമിനെ കാണാമെന്ന് രവി ശാസ്‌ത്രി