വിസ്‌മയയുടെ മരണത്തിൽ സമൂഹത്തിന്‍റെ നാനാഭാഗത്ത് നിന്നും രോഷപ്രകടനങ്ങളും വിമർശനങ്ങളും ഉയരുകയാണ്. ജയറാമും കാളിദാസ് ജയറാമും അഹാനയുമടക്കം സംഭവത്തിൽ പ്രതികരണവുമായി നിരവധി സിനിമാതാരങ്ങളും എത്തിയിരുന്നു.
കൂട്ടത്തിൽ യുവനടൻ കാളിദാസ് ജയറാം കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സാക്ഷരതയുടെയും അറിവിന്‍റെയും കാലഘട്ടത്തിൽ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കാളിദാസ് പ്രതികരിച്ചു. ഒപ്പം, ഫേസ്ബുക്ക് പോസ്റ്റിനവസാനം കാളിദാസ് കൂട്ടിച്ചേർത്ത വാക്കുകളും ശ്രദ്ധേയമായി.
- " class="align-text-top noRightClick twitterSection" data="">
വിസ്‌മയ ഒരിക്കൽ തനിക്കെഴുതിയ കത്ത് തന്‍റെ പക്കലെത്തിയെന്നും എന്നാൽ വിസ്‌മയയുടെ വിയോഗത്തിന് ശേഷമാണ് കത്ത് കിട്ടിയതെന്നും താരം പറഞ്ഞു. ആരും കേൾക്കാതെ പോയ ആ ശബ്ദത്തിനും എരിഞ്ഞമർന്ന സ്വപ്നങ്ങൾക്കും മാപ്പ് എന്നും കാളിദാസ് ഫേസ്ബുക്കിൽ എഴുതി.
പണ്ട് കോളജിലെ വാലന്‍റൈൻസ് ഡേയിൽ സംഘടിപ്പിച്ച ലവ് ലെറ്റർ കോമ്പറ്റിഷന്‍റെ ഭാഗമായാണ് വിസ്‌മയ കാളിദാസിനായി തമാശയ്ക്ക് പ്രണയലേഖനം എഴുതിയത്. വിസ്‌മയയുടെ കത്ത് സുഹൃത്തായ അരുണിമയാണ് വീണ്ടും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് പ്രണയലേഖനം കാളിദാസിന്‍റെ ശ്രദ്ധയിൽപെട്ടത്.
More Read:വിസ്‌മയയുടെ മരണത്തിൽ രോഷമറിയിച്ച് താരങ്ങൾ ; വിമർശനങ്ങൾക്ക് മറുപടിയുമായി വീണയും അശ്വതിയും
തന്‍റെ കത്ത് വൈറലായി കാളിദാസ് ഇത് കാണുമെന്നും താരവുമൊത്ത് സെൽഫി എടുക്കാമെന്നുമുള്ള വിസ്‌മയയുടെ ആഗ്രഹങ്ങളെ കുറിച്ചും കൂട്ടുകാരി ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
അവൾ ആഗ്രഹിച്ച പോലെ പോസ്റ്റ് വൈറൽ ആയെന്നും ഇന്ന് നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റിയാണ് സംസാരിക്കുന്നതെന്നും സുഹൃത്ത് വൈകാരികമായി കുറിച്ചു.
വിസ്‌മയയുടെ കൂട്ടുകാരി അരുണിമ ഫേസ്ബുക്കിൽ കുറിച്ചത്...
'രണ്ട് വർഷം മുന്നേയുള്ള വാലന്‍റൈൻസ് ഡേ കോളജിൽ ലവ് ലെറ്റർ കോമ്പറ്റിഷൻ നടക്കുവാ, അന്നവളും എഴുതി ഒരു ലവ് ലെറ്റർ, ഒരു തമാശക്ക്....., അവളുടെ ഫേവറിറ്റ് ആക്റ്റർ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് എഫ്‌ബിയിൽ പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,
- " class="align-text-top noRightClick twitterSection" data="">
അങ്ങനെ എല്ലാരും ഷെയർ ചെയുന്നു.... പോസ്റ്റ് വൈറൽ ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ കോൾ ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു.... അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലെറ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല.
കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലേയെന്ന് പറഞ്ഞ് അവൾ കുറെ ചിരിച്ചു....ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി.
കഴിഞ്ഞ 6 വർഷം ആയി കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനുപിന്നിൽ ഉള്ളവരെല്ലാം നിയമത്തിന് മുന്നിൽ വരണം ശിക്ഷിക്കപ്പെടണം,' അരുണിമ ഫേസ്ബുക്കിൽ കുറിച്ചു.