എറണാകുളം: നീണ്ട എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നവ്യ നായർ നായികയായി എത്തുന്ന സിനിമയാണ് 'ഒരുത്തീ' ദി ഫയർ ഇൻ യൂ എന്നാണ് ടാഗ് ലൈൻ. സിനിമയിൽ നിർണായക വേഷത്തിൽ നടൻ വിനായകനും എത്തുകയാണ്. പൊലീസ് സബ് ഇൻസ്‌പെക്‌ടറുടെ കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിക്കുക.
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. രാധാമണി എന്ന ഒരു വീട്ടമ്മയായാണ് നവ്യ അഭിനയിക്കുന്നത്. ഡബ്ബിങ് ഉൾപ്പെടുന്ന സിനിമയുടെ അവസാന ഘട്ട ജോലികൾ പുരോഗമിക്കുകയാണ്.
സിനിമയുടെ തിരക്കഥ എസ്.സുരേഷ് ബാബുവാണ് നിര്‍വഹിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ക്യാമറ. ത്രില്ലർ സ്വഭാവമുള്ള സിനിമയാണ്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ നിർമിക്കുന്ന ഈ ചിത്രത്തിൽ ഡോ.മധു വാസുദേവനും ആലങ്കോട് ലീലാ കൃഷ്ണനുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
എഡിറ്റിങ് ലിജോ പോൾ. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനുരാജ്, മാളവിക, കൃഷ്ണ പ്രസാദ് എന്നിവരും സിനിമയിലുണ്ട്. സിനിമയുടെ ഗാനങ്ങളുടെ റെക്കോഡിങിന്‍റെ ചിത്രം സംഗീത സംവിധായകൻ ഗോപി സുന്ദറും സംവിധായകൻ വി.കെ.പി യും പങ്കുവെച്ചിരുന്നു.