വില്ലന്‍ വേഷങ്ങളും നായിക വേഷങ്ങളും അനായാസമായി കൈകാര്യം ചെയ്ത് കൈയ്യടി വാങ്ങിയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്‍ ശരത്കുമാറിന്‍റെ മകളാണെന്നറിഞ്ഞിട്ടും പലരും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാസ്റ്റിങ് കൗച്ചിലൂടെ തനിക്കുണ്ടായ അനുഭവങ്ങള്‍ താരം തുറന്നുപറഞ്ഞത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായാല്‍ അത് തുറന്നുപറയാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും ഇത്തരം മൃഗങ്ങളെ സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ടത് നമ്മുടെ കടമയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
'അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് കരുതി ആരും ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കരുത്. ശരത്കുമാറിന്‍റെ മകളാണെന്നറിഞ്ഞിട്ടും പലരില്‍ നിന്നും ഇത്തരം സമീപനങ്ങളും കോളുകളും തനിക്ക് നേരെ ഉണ്ടായിട്ടുണ്ട്. അന്ന് നോ പറയാന്‍ എനിക്ക് സാധിച്ചു. അത്തരക്കാരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ അടക്കം താന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പല സിനിമകളില്‍ നിന്നും ഒഴിവാക്കുക വരെ ചെയ്തിട്ടുണ്ട്. അന്ന് നോ പറയാന്‍ സാധിച്ചതിനാല്‍ ഇന്ന് സ്വന്തം കാലില്‍ നിന്ന് 25 സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. താന്‍ അതില്‍ വളരെയേറെ സന്തോഷിക്കുന്നു' താരം അഭിമുഖത്തിനിടെ പറഞ്ഞു.
മമ്മൂട്ടി ചിത്രം കസബ, ആസിഫ് അലി ചിത്രം കാറ്റ്, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തിലും സാന്നിധ്യമറിയിച്ചയാളാണ് വരലക്ഷ്മി ശരത്കുമാര്‍.