എറണാകുളം: "സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ", മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ പ്രശസ്‌ത സാഹിത്യകാരൻ എം.ടിവാസുദേവൻ നായർ വിശേഷിപ്പിക്കുന്നതിങ്ങനെ. എം.ടി മാത്രമല്ല, കെ. ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി ജോർജ്, ഷാജി എൻ. കരുൺ, ബാലു മഹേന്ദ്ര, മണിരത്‌നം തുടങ്ങിയ പ്രമുഖരും എന്തിനേറെ ഇന്ത്യൻ സിനിമാലോകം തന്നെ അങ്ങേയറ്റം ആദരവോടെയും കൗതുകത്തോടെയും നോക്കികാണുന്ന അഭിനയപ്രതിഭയാണ് മമ്മൂട്ടി.
![അഭിനയത്തിലെ മമ്മൂട്ടി 49 വർഷങ്ങൾ പിന്നിടുമ്പോൾ എഴ് ഭാഷകളിൽ നിന്ന് 12 ഗായകരുടെ ആദരവ് എറണാകുളം എം.ടിവാസുദേവൻ നായർ മമ്മൂട്ടി ദി മെഗാസ്റ്റാർ മിറാക്കിൾ Mammootty Tribute to megastar Mammootty 12 singers across 7 languages mammookka ernakulam](https://etvbharatimages.akamaized.net/etvbharat/prod-images/8774838_mamootty.jpeg)
മമ്മൂട്ടി എന്ന മഹാനടന്‍റെ അഭിനയ ജീവിതത്തിലെ 49വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിലായി മ്യൂസിക്കൽ ആൽബം തയ്യാറാക്കുന്നു. 'മമ്മൂട്ടി ദി മെഗാസ്റ്റാർ മിറാക്കിൾ' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്കൽ ആൽബം ഇന്ത്യൻ സിനിമാ രംഗത്തെ പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കും. ഇന്ത്യയിലെ ഏഴ് ഭാഷകളിൽ നിന്നായി 12 ഗായകരെ അണിനിരത്തി അവതരിപ്പിക്കുന്ന സംഗീത ആൽബം എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷൻസും സെലിബ്രിഡ്‌ജും ചേർന്നാണ് തയ്യാറാക്കുന്നത്. പ്രശസ്‌ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്‌സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സച്ചിൻ വാര്യർ, സന്നിധാനന്ദൻ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദാ ഫാത്തിമ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രമുഖ ഗാന രചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ(ഉറുദു), യഹിയ തളങ്ങര (ഉറുദു), സുരേഷ് കുമാർ രവീന്ദ്രൻ(തമിഴ്), വിനോദ് വിജയൻ(തെലുങ്ക്-കന്നഡ), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) എന്നിവരാണ് ഗാനരചന. ഫായിസ് മുഹമ്മദ് സംഗീതമൊരുക്കുന്ന മ്യൂസിക്കൽ ആൽബം മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ ഇന്‍റർനാഷണലിന്‍റെ സഹായത്തോടെയാണ് റീലീസ് ചെയ്യുന്നത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ഒരുങ്ങുന്ന ഗാനത്തിൽ ദുബായ് ജാസ് റോക്കർസിലെ 30 കുട്ടികളും ഗായകർക്കൊപ്പം പങ്കുചേരുന്നുണ്ട്. ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, സിജോ നെല്ലിശ്ശേരി, റോയ് പാരീസ്, സണ്ണി മാളിയേക്കൽ, എന്നിവരാണ് ആൽബത്തിന്‍റെ അണിയറപ്രവർത്തകർ.