" ഞാൻ ക്ലാരയെ മാരി ചെയ്യട്ടെ... വിരോധമൊന്നുമില്ലാലോ.... ഇല്ല. പക്ഷേ ഞങ്ങടെ കൂട്ടത്തി ചേരണം... എന്നുവെച്ചാ കടലില്‍ പോണം. പോകാം. പോയാ പോര. തിരിച്ചുവരുമ്പോ വലയില്‍ എന്തേലും ഉണ്ടാകണം.. . വലയില്‍ എന്തേലും ഉണ്ടായാ മതിയോ.. പോര... ഒരു വള്ളം നിറയെ..... ക്ലാരയും ജയകൃഷ്ണനും മനസ് പങ്കുവെയ്ക്കുന്ന അതി മനോഹരമായ പ്രണയ ഗാനത്തിന്‍റെ തുടക്കമാണിത്.... മേഘം പൂത്തുതുടങ്ങി... മോഹം പെയ്തു തുടങ്ങി..... മേദിനി കേട്ടു നെഞ്ചില്‍ പുതിയൊരു താളം" ...
ഇനിയും പ്രണയിച്ചു തീരാതെ മലയാളിയുടെ മോഹം പെയ്‌തു തുടങ്ങുകയാണ്.... മലയാള സിനിമയില്‍ പ്രണയത്തിന്, അനുരാഗത്തിന് പുതിയ താളം... മനസിന്‍റെ വിങ്ങലാണ് പ്രണയം... പ്രണയം ഒരാളോട് മാത്രമല്ല, ആരോടും തോന്നാം... പത്മരാജൻ എന്ന പ്രതിഭ മണ്ണാറത്തൊടിയിലെ ജയകൃഷ്ണനേയും ക്‌ളാരയേയും പ്രണയത്തിന്‍റെ എല്ലാ ഭ്രമത്തോടും കൂടി മലയാളിക്ക് സമ്മാനിച്ചിട്ട് 33 വർഷം. പക്ഷേ തൂവാനത്തുമ്പികൾ സമ്മാനിച്ച പ്രണയാർദ്രത മനസില്‍ നിന്ന് ഇനിയും മായുന്നില്ല. എല്ലാ പ്രണയഭാവങ്ങളും ചാലിച്ച് മഴ പെയ്‌തിറങ്ങുകയാണ്. മോഹം, ഭ്രമം, അഭിനിവേശം അങ്ങനെ പത്മരാജൻ പറഞ്ഞുവെച്ച ഭാവ തീവ്രത, മഴയായ് നിറയുമ്പോൾ പ്രണയത്തിന് എന്തെന്നില്ലാത്ത സുഗന്ധം. അത്രമേല്‍ തീവ്രമായിരുന്നു ആ അനുരാഗം. 1987 ജൂലൈ 31നാണ് ജയകൃഷ്ണനെ തേടി ക്‌ളാര എത്തിയത്. കേരളം ഹൃദയം കൊണ്ടാണ് അന്ന് ആ അനുരാഗത്തെ സ്വീകരിച്ചത്. അതുവരെ പറയാത്ത കഥയും കഥാ പരിസരവും... പത്മരാജന്‍റെ തൂവാനത്തുമ്പികൾ മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച പ്രണയ ചിത്രം മാത്രമല്ല...
ഡേവിഡേട്ടാ... കിങ് ഫിഷറ്‌ണ്ടാ... ചില്‍ഡ്... ഒരു നാരങ്ങാ വെള്ളം അങ്ങട് കാച്ചിയാലോ ......... മലയാളി എന്നും മനസില്‍ സൂക്ഷിക്കുന്ന മനോഹരമായ ബാർ സീൻ. മോഹൻലാല്‍ ജീവിച്ചു തീർത്ത മണ്ണാറത്തൊടി ജയകൃഷ്ണൻ വിവിധ ഭാവങ്ങളിലാണ് നമുക്ക് മുന്നിലെത്തിയത്. " കുറേ കൊച്ചു വാശികളും കൊച്ചു അന്ധവിശ്വാസങ്ങളും കൊച്ചു ദുശ്ശീലങ്ങളുമുള്ള ഒരാൾ " ജയകൃഷ്ണനായി ലാല്‍ ജീവിക്കുകയായിരുന്നു. നാട്ടിൻപുറത്തുകാരനായും നഗര ജീവിയായും ജയകൃഷ്ണൻ ആടിത്തകർത്തു. ക്‌ളാരയുമായുള്ള പ്രണയ ഭാവങ്ങൾക്ക് മുൻപ് ജീവിതം ആസ്വദിച്ചു തീർക്കുകയാണ് ജയകൃഷ്ണൻ.
കൾട്ട് ക്ലാസിക്... അതായിരുന്നു പപ്പേട്ടന്‍റെ തൂവാനത്തുമ്പികൾ... ഉദകപ്പോള എന്ന തന്‍റെ നോവല്‍ പത്‌മരാജൻ സിനിമയുടെ രൂപത്തിലേക്ക് പകർത്തിയപ്പോൾ മൂന്ന് ദശകങ്ങൾക്കിപ്പുറവും സ്‌ത്രീ- പുരുഷ ബന്ധത്തിന് പുതിയ നിർവചനങ്ങൾ നൽകിയ തൂവാനത്തുമ്പികൾ മനസില്‍ അനുരാഗം നിറയ്ക്കുകയാണ്.
നഗരജീവിതം എന്തെന്നില്ലാതെ ആസ്വദിക്കുന്നതിനിടയിലാണ് ജയകൃഷ്ണനിലേക്ക് ക്ലാരയെത്തുന്നത്. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. ജയകൃഷ്ണൻ ക്‌ളാരയിലേക്ക് പതിയെ അടുക്കുകയാണ്. സിനിമയിലെ പത്മരാജൻ മാജിക്ക്. ഇരുവരും ആദ്യം പങ്കുവെച്ചത് പ്രണയമല്ല, ശരീരമാണ്. മലയാള സിനിമ അതുവരെ കാണാതിരുന്ന നായികാ- നായക പ്രണയ സങ്കല്‍പ്പം. പക്ഷേ അവൾ കന്യകയാണെന്ന് അറിയുന്നതോടെ അനുരാഗം തീവ്രമാകുന്നു. ക്‌ളാര ജയകൃഷ്ണനില്‍ നിന്ന് അകലുമ്പോഴെല്ലാം മഴയെത്തും. ജയകൃഷ്ണന്‍റെ വിവാഹ അഭ്യർഥന നിരസിക്കുമ്പോഴാണ് ക്‌ളാരയെന്ന കഥാപാത്രത്തിന് പത്മരാജൻ നല്‍കിയ യഥാർഥ ശക്തി മനസിലാകുന്നത്. സുരക്ഷിതമായ ജീവതമാർഗമല്ല, തന്നോട് പ്രണയം പങ്കുവെച്ച, ശരീരം പങ്കുവെച്ച ജയകൃഷ്ണന്‍റെ ജീവിതത്തെ കുറിച്ചാണ് ക്‌ളാര ചിന്തിച്ചത്. പ്രണയത്തെ വിവാഹത്തിന്‍റെ ചരടിൽ കൂട്ടികെട്ടാതെ ക്‌ളാര യാത്ര പറയാതെ പോയി. പത്മരാജൻ എത്ര മനോഹരമായാണ് തന്‍റെ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചത്.
ആദ്യ പകുതിക്ക് ശേഷം ജയകൃഷ്ണനേയും അതിനൊപ്പം സിനിമയേയും നിയന്ത്രിക്കുന്നത് ക്‌ളാരയാണ്. അവളുടെ തീരുമാനങ്ങളാണ്. ജയകൃഷ്ണൻ വെറും കാഴ്‌ചക്കാരൻ മാത്രം. ഭാവാഭിനയവും സംഭാഷണ ചാതുര്യവും കൊണ്ട് മോഹൻ ലാല്‍ എന്ന അതുല്യ നടൻ ജയകൃഷ്ണനെ അനശ്വരമാക്കുമ്പോഴും ക്‌ളാരയിലെ പ്രണയത്തിന്‍റെ എല്ലാ ഭാവങ്ങളും നിറച്ച് സുമലത എന്ന നടി മലയാളിയെ മോഹിപ്പിക്കുകയായിരുന്നു. വിടർന്ന കണ്ണുകളും നീണ്ടമുടിയും വലിയ പൊട്ടുമായി ക്‌ളാരയായി മാറിയ സുമലതയെ മലയാളി പിന്നീട് ഹൃദയത്തോടു ചേർത്ത് നിർത്തി. തങ്ങൾ എന്ന കഥാപാത്രമായി എത്തിയ ബാബു നമ്പൂതിരിയും ഋഷി എന്ന കഥാപാത്രമായി അശോകനും രാധയായി പാർവതിയും ശങ്കരാടിയും ജഗതി ശ്രീകുമാറും എംജി സോമനുമെല്ലാം തൂവാനത്തുമ്പികൾക്ക് ഒപ്പം അഭിനയിച്ചു.. അതില്‍ ജീവിച്ചു. കഥാപാത്ര സൃഷ്ടിയിലെ മറ്റൊരു പത്മരാജൻ മാജിക്ക്.
" നമുക്കിടയില്‍ ഒന്നുമില്ല, പക്ഷേ മറക്കാതിരിക്കാൻ നമുക്കിടയില്‍ എന്തോ ഉണ്ട്. കാണാതിരിക്കുമ്പോൾ മറക്കാൻ കുറച്ചുകൂടി എളുപ്പമല്ലേ.. ഒരിക്കലുമല്ല".... പ്രണയ ഭാവങ്ങളുടെ തീവ്രത പത്മരാജനോളം മറ്റാരും മലയാളിക്ക് സമ്മാനിച്ചിട്ടില്ല. " കാണാതിരിക്കുമ്പോൾ എന്നും ഓർക്കുന്നില്ല എന്നതാണ് സത്യം. ഓരോ മുഖം കാണുമ്പോഴും ഓർക്കും മുഖങ്ങളുടെ എണ്ണം ഇങ്ങനെ കൂടിക്കൊണ്ടിരിക്കല്ലേ.. അങ്ങനെ കൂടി കൂടി ഒരു ദിവസം ഇതങ്ങ് മറക്കുമായിരിക്കും അല്ലേ.. പിന്നെ മറക്കാതെ.. പക്ഷേ എനിക്ക് മറക്കണ്ടാ" .... രാധ, ജയകൃഷ്ണന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നറിയുമ്പോൾ ക്‌ളാര അകലാൻ ശ്രമിക്കുകയാണ്. പക്ഷേ ജയകൃഷ്ണനും ക്‌ളാരയും വാക്കുകളായി, ദൃശ്യങ്ങളായി, മഴയായി, കടലായി പത്മരാജൻ മനോഹരമായി അവതരിപ്പിക്കുകയാണ്. തൃശൂർ നഗരവും കാസിനോ ബാറും വടക്കുന്നാഥനും കേരളവർമ കോളജും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനും കഥാപാത്രങ്ങളായി തൂവാനത്തുമ്പികൾക്കൊപ്പം എന്നും മനസിലുണ്ട്.
മഴയും പ്രണയവും ഒന്നു ചേരുമ്പോൾ ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം... സിനിമയുടെ പൂർണാർഥത്തെ സംഗീതം കൊണ്ട് സ്വാംശീകരിച്ച ജോൺസൺ മാസ്റ്റർ... തൂവാനത്തുമ്പികളെ എക്കാലത്തെയും മികച്ച മലയാള ചലച്ചിത്രമാക്കിയതിന് പിന്നില്‍ ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതമുണ്ട്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്‍റെ മനോഹര സംഗീതത്തില്‍ യേശുദാസും ചിത്രയും ജി വേണുഗോപാലും ഹൃദയം കൊണ്ട് പാടിയപ്പോൾ ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ." ഒന്നാം രാഗം പാടി.... ഒന്നിനെ മാത്രം തേടി.... വന്നുവല്ലോ" .... പ്രണയം പെയ്‌ത് തീരുന്നില്ല, ക്ലാരയും ജയകൃഷ്ണനും മനസിന്‍റെ വിങ്ങലായി... പ്രണയമായി.. അനുരാഗമായി... തൂവാനത്തുമ്പികൾ പാറിനടക്കുകയാണ്. 33 വർഷങ്ങൾ പോയതറിയാതെ...