" ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട.. കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും"... തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ വീണ്ടും സുരേഷ് ഗോപി എത്തുന്നു. ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുമ്പോഴും മലയാളത്തിന്‍റെ ക്ഷുഭിത യൗവ്വനത്തിന് അഭിനയത്തില്‍ ചെറുപ്പവും ആവേശവും. ആനക്കാട്ടില്‍ ചാക്കോച്ചിയായി പകർന്നാടുമ്പോഴും പത്മരാജൻ സംവിധാനം ചെയ്ത ഇന്നലെയിലെ നരേന്ദ്രനെ എങ്ങനെ മറക്കും. കമ്മിഷണറിലെ ഭരത് ചന്ദ്രൻ ഐപിഎസായി മലയാളിയുടെ ക്ഷോഭത്തെ വെള്ളിത്തിരയിലേക്ക് ആവാഹിക്കുമ്പോൾ കളിയാട്ടത്തിലെ കണ്ണൻ പെരുമലയന്‍റെ മാനസിക വ്യാപാരങ്ങൾ ഇത്രമേല്‍ മനോഹരമായി അവതരിപ്പിക്കാൻ ആർക്ക് കഴിയുമെന്ന് ചോദിച്ചവരുണ്ട്. മണിച്ചിത്രത്താഴിലെ നകുലനും സമ്മർ ഇൻ ബെത്‌ലഹേമിലെ ഡെന്നിസും മലയാളിക്ക് എന്നും പ്രിയങ്കരമാണ്. ആക്ഷൻ ഹീറോയായി തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചപ്പോഴും സുരേഷേട്ടന്‍റെ പൊലീസ് വേഷങ്ങളായിരുന്നു മലയാളിക്ക് ഏറ്റവും ആവേശം സമ്മാനിച്ചത്.
സിനിമയില്‍ ഇടവേളയുണ്ടായപ്പോൾ മിനി സ്ക്രീനില്‍ അവതാരകനായി വീണ്ടും മലയാളത്തിന്‍റെ "ആക്ഷൻ ഹീറോ" തിളക്കം കൂട്ടിയിട്ടേയുള്ളൂ. രാഷ്ട്രീയത്തില്‍ അഭിനയിക്കാനറിയാതെ, സുരേഷ് ഗോപി രംഗപ്രവേശം ചെയ്തപ്പോൾ മലയാളി ആവേശം കൈവിടാതെ സ്വീകരിച്ചു. സിനിമയിലെ ഹീറോ പരിവേഷം രാഷ്ട്രീയത്തിലും സുരേഷേട്ടൻ കൈവിടാതെ തുടരുമ്പോൾ രാജ്യസഭാ എംപിയാകാൻ അവസരം ലഭിച്ചു. അപ്പോഴും സിനിമയിലേക്കുള്ള മടങ്ങിവരവ് ആരാധകർ ആഗ്രഹിച്ചു. ഇടവേളകൾക്ക് ഫുൾസ്റ്റോപ്പിട്ട് " വരനെ ആവശ്യമുണ്ട് " എന്ന സിനിമയിലൂടെ വീണ്ടും മാസ് എൻട്രി. പഴയ അതേ താരപ്രഭയില്‍ പ്രതിഭ ചോരാതെ സുരേഷേട്ടൻ സ്ക്രീനിലും മലയാളിയുടെ മനസിലും നിറഞ്ഞു നില്‍ക്കുകയാണ്. അറുപത്തിയൊന്നാം പിറന്നാൾ ദിവസം ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ആശംസകൾ. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം മലയാളിക്ക് ആഘോഷിക്കാൻ കാവല്‍ എന്ന സിനിമയുമായി സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. കാവല്‍ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
'ഓർമയുണ്ടോ ഈ മുഖം, ഓർമ കാണില്ല... വർഷങ്ങൾക്കിപ്പുറവും ഈയൊരു ഡയലോഗില്‍ മലയാളി ആഘോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ അതാണ് സുരേഷ് ഗോപി എന്ന നടൻ.
1965ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ അഞ്ച് വയസുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലെത്തുന്നത്. 1980കളില്‍ വീണ്ടും സിനിമകളില്‍ സജീവമായി. രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം സുരേഷ് ഗോപിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ് സുരേഷ് ഗോപി എന്ന ക്ഷോഭിക്കുന്ന നായകന് വഴിത്തിരിവായത്. തുടര്‍ന്ന് സുരേഷിന് ലഭിച്ചതെല്ലാം നായകവേഷങ്ങളായിരുന്നു. അതെല്ലാം വിജയമാവുകയും ചെയ്തു. കമ്മിഷണർ എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേക്ക് ആ പ്രതിഭ ഉയർന്നു. കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ൽ മികച്ച നടനുള്ള ദേശീയ അവാർഡ്. ഒരു വടക്കൻ വീരഗാഥ, ധ്രുവം, ഏകലവ്യൻ, കാശ്മീരം, മാനത്തെ കൊട്ടാരം, രഥോത്സവം, ലേലം, പ്രണയവർണങ്ങൾ, ക്രൈംഫയല്‍, പത്രം, തെങ്കാശിപ്പട്ടണം, ജനകൻ തുടങ്ങി എത്രയെത്ര ചിത്രങ്ങൾ. തമിഴില്‍ അവസാനം അഭിനയിച്ച ഐ സുരേഷ് ഗോപി എന്ന നടന്‍റെ താരമൂല്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.
സൂപ്പർ താര പദവിയിലേക്കെത്തുമ്പോൾ സുരേഷ് ഗോപി ചിത്രങ്ങളെ പേടിച്ച് മലയാളത്തില്‍ മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റുന്ന സംഭവങ്ങൾ വരെയുണ്ടായി. ഫയർ ബ്രാൻഡ് പൊലീസ് റോളുകളിൽ സുരേഷ് ഗോപിയെ വെല്ലാൻ ഇന്ത്യൻ സിനിമയില്‍ മറ്റൊരു അഭിനേതാവില്ലെന്ന് പറയുന്ന കാലമുണ്ടായിരുന്നു. സ്ക്രീൻ പ്രസൻസിലും ഡയലോഗ് ഡെലിവറിയിലും സുരേഷ് ഗോപി ആര്‍ക്കും പിറകിലുമായിരുന്നില്ല. കണ്ടത് മനോഹരം കാണാൻ പോകുന്നത് അതി മനോഹരം... തീയേറ്ററുകളില്‍ മലയാളിയെ ത്രസിപ്പിച്ച, കണ്ണീരണിയിച്ച, ഇനിയും ഭാവപ്രകടനങ്ങൾ കൊണ്ട് വിസ്മയിപ്പിക്കാൻ പോകുന്ന സുരേഷേട്ടന് പിറന്നാൾ ആശംസകൾ.