തൂവാനത്തുമ്പികളിലെ ക്ലാരയെ മലയാളത്തിന് മറക്കാനാവില്ല. പത്‌മരാജൻ ചിത്രത്തിൽ ക്ലാരയായി വന്ന സുമലത എന്ന നടിയും അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക്. നടിയും എംപിയുമായ സുമലതക്ക് കൊവിഡ് പോസിറ്റീവെന്ന് ഈ മാസം ആറിന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ വൈറസ് മുക്തയായ താരം തന്‍റെ കൊവിഡ് കാല അനുഭവങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുകയാണ്. ഹോം ഐസൊലേഷനിൽ കഴിയാനുള്ള തീരുമാനവും എങ്ങനെയാണ് കൊവിഡിനെ നേരിട്ടതെന്നും സുമലത വീഡിയോയിൽ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
സൈനികർ യുദ്ധത്തിൽ പോരാട്ടം നടത്തുന്നത് പോലെയുള്ള മനോവീര്യമാണ് വൈറസിൽ നിന്നും മുക്തയാവാൻ തന്‍റെ ശ്രമങ്ങളിലും സ്വീകരിച്ചതെന്ന് നടി ഒരു മാധ്യമത്തിന് ഓൺലൈനായി നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സക്ക് പ്രവേശിക്കാതിരുന്നത് രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ നിരവധിയാളുകൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നതിനാലാണ്. താൻ തന്നോട് തന്നെ സംസാരിച്ചാണ് ഒറ്റയ്‌ക്കുള്ള സമയങ്ങളെ അതിജീവിച്ചതും ശുഭാപ്തിവിശ്വാസം ഉണ്ടാക്കിയെടുത്തതുമെന്നാണ് സുമലത വിശദീകരിച്ചത്. കൊവിഡിനെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും അതിനായി ഒന്നിച്ച് പോരാടാമെന്നും അവർ പറഞ്ഞു. കൊവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്നതിനു പകരം അവർക്ക് മാനസിക പിന്തുണ നൽകണമെന്നും സുമലത വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വാർത്ത മറ്റുള്ളവരുടെ സുരക്ഷ കൂടി മുൻകൂട്ടി കണ്ട് രഹസ്യമായി സൂക്ഷിക്കാതെ നടി സുമലത തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കൊവിഡ് സംബന്ധമായ സംശയങ്ങൾക്കും ആശങ്കകൾക്കും വീഡിയോ ഒരു പ്രയോജനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുമലത കൂട്ടിച്ചേർത്തു.