ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ എൻഡിപിഎസ് കോടതിയാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. ഇവർക്ക് പുറമെ, കേസിൽ പ്രതികളായ വിനയ് കുമാർ, ശിവ പ്രകാശ് എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയും എൻഡിപിഎസ് കോടതി തള്ളിയിട്ടുണ്ട്. അതേ സമയം, താരങ്ങൾക്കും കേസിലെ മറ്റ് പ്രതികൾക്കും ജാമ്യം ലഭിക്കുന്നതിനുള്ള വാദം സെപ്റ്റംബർ 30ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
കേസിൽ പ്രതിസ്ഥാനത്ത് ഉൾപ്പെട്ട നടൻ വിവേക് ഒബ്‌റോയിയുടെ സഹോദരൻ ആദിത്യ അൽവയെയും സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അന്വേഷിക്കുകയാണ്. മയക്കു മരുന്ന് കേസിൽ വീരൻ ഖന്ന, ലൂം പെപ്പർ സാംബ, രാഹുല്‍ ടോണ്‍സ്, പ്രശാന്ത് രങ്ക, നിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. സെൻട്രൽ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിന് പുറമെ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സമാന്തരമായി നടത്തുന്ന അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങളുൾപ്പടെയുള്ളവർ പിടിയിലായിട്ടുണ്ട്. കൂടാതെ, വീരൻ ഖന്ന, സഞ്ജന ഗൽറാണിയുടെ സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ രാഹുൽ ടോൺസ്, ബി.കെ രവി ശങ്കർ എന്നിവരെയും ഇഡി ഇനി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ മൂന്നിന് സിസിബി അയച്ച സമൻസ് ഒഴിവാക്കിയ നടൻ രാഗിണി ദ്വിവേദിയെ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെന്നാരോപിച്ച് പിറ്റേ ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.