ന്യൂഡൽഹി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ)യെ ഗംഭീരമായി വരവേൽക്കാനുള്ള ഒരുക്കങ്ങളുമായി സംഘാടകർ. ഈ മാസം 20ന് തുടക്കം കുറിക്കുന്ന ചലച്ചിത്രമേളയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ചുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. എന്‍റർടൈൻമെന്‍റ് സൊസൈറ്റി ഓഫ് ഗോവ, ഡയറക്‌ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് എന്നിവക്കൊപ്പം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ചേർന്നാണ് ഐഎഫ്‌എഫ്‌ഐയുടെ സുവർണ്ണ ജൂബിലി പരിപാടികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ ഉൾപ്പടെ വിവിധ വിഭാഗങ്ങളിൽ നിന്നുമായി എത്തുന്ന 9,000 ത്തോളം സിനിമാപ്രേമികൾക്ക് ഹൈടെക്ക് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഐ.എഫ്.എഫ്.ഐ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചിരുന്നു. നവംബർ 28ന് അവസാനിക്കുന്ന ചലച്ചിത്രമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ബോളിവുഡ് ചലച്ചിത്രസംവിധായകൻ കരൺ ജോഹറാണ്. 200 വിദേശ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഈ വർഷത്തെ ചലച്ചിത്രമേളയിൽ 50 വനിതാ സംവിധായകരുടെ ഓരോ ചിത്രങ്ങൾ വീതവും തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, ഓസ്കാർ നോമിനേഷനിലേക്ക് പരിഗണിച്ചിരിക്കുന്ന 24 ചിത്രങ്ങളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫ്രഞ്ച് നടൻ ഇസബെൽ ഹുപേർട്ടിനെ വിദേശ കലാകാരനുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് ഐക്കൺ ഓഫ് ഗോൾഡൻ ജൂബിലി അവാർഡും നൽകി ആദരിക്കുമെന്ന് ജാവദേക്കർ അറിയിച്ചു.